കിഴക്കൻ നൈജീരിയയിലെ നൈജർ നദിയിൽ ദുരന്തം; അപകടത്തിൽപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും

കിഴക്കൻ നൈജീരിയയിലെ നൈജർ നദിയിൽ ബോട്ട് മറിഞ്ഞ് 50-ലധികം പേർ മരിച്ചതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൈജീരിയയിലെ അനംബ്ര സംസ്ഥാനത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. അമിതഭാരമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നൈജർ നദിയിലെ കലവിയായിരുന്ന ബോട്ട് കല്ലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതേസമയം, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി പ്രാദേശിക അധികൃതർ അറിയിച്ചു.
മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എങ്കിലും 50-ലധികം ആളുകൾ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിൽ നൈജീരിയൻ പ്രസിഡന്റ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മഴക്കാലത്ത് നൈജീരിയൻ നദികളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും ദുർബലമായ ബോട്ടുകളും കാരണം ഇത്തരം അപകടങ്ങൾ പതിവാണ്.