"വൈവിധ്യം സ്വാഭാവികമാണ്, ഐക്യമാണ് സത്യം; ഹിന്ദുരാഷ്ട്രത്തിന്റെ ലക്ഷ്യം ലോകത്തെ ഇതറിയിക്കലാണ്": യുകെയിൽ മോഹൻ ഭഗവത്
ലണ്ടൻ: വൈവിധ്യങ്ങൾ സ്വാഭാവികമാണെന്നും ഐക്യമാണ് പരമമായ സത്യമെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് 'ഹിന്ദുരാഷ്ട്രം' എന്ന സങ്കല്പത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആർ.എസ്.എസ് (RSS) മേധാവി മോഹൻ ഭഗവത് പറഞ്ഞു. ലണ്ടനിൽ ആർ.എസ്.എസ് നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഹിന്ദു എന്നത് കേവലം ഒരു മതമോ ആരാധനാക്രമമോ അല്ല. ഭാരതത്തിൽ നാസ്തികർ മുതൽ ബഹുദൈവാരാധകർ വരെ വ്യത്യസ്ത ചിന്താഗതികൾ ഉയർന്നുവന്നിട്ടുണ്ട്. എല്ലാവരും അവരവരുടെ പാത പിന്തുടരുമ്പോഴും ഒരേ ലക്ഷ്യസ്ഥാനത്താണ് എത്തുച്ചേരുന്നത്. അതിനാൽ പരസ്പരം മതം മാറ്റേണ്ട യാതൊരു ആവശ്യവുമില്ല," എന്ന് മോഹൻ ഭഗവത് വ്യക്തമാക്കി.
സാധാരണ പാശ്ചാത്യ 'രാഷ്ട്ര-രാജ്യ' (Nation-State) സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഭാരതീയ 'രാഷ്ട്ര' സങ്കല്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പല്ല, മറിച്ച് സ്വാർത്ഥതയില്ലാത്ത സ്നേഹമാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ വംശജരോട് തങ്ങളുടെ കർമ്മഭൂമിയായ യുകെയോട് വിശ്വസ്തത പുലർത്തുന്നതോടൊപ്പം മാതൃഭൂമിയെ സേവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
