'ഡ്രോൺ വാരിയേഴ്സ്'; അഞ്ച് ലക്ഷം സൈനികർക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകാൻ ദക്ഷിണ കൊറിയ
സോൾ: ഉത്തര കൊറിയയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി തങ്ങളുടെ സൈനിക ശേഷി പൂർണ്ണമായും പുനഃക്രമീകരിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആർമി, നേവി, എയർഫോഴ്സ്, മറൈൻസ് ഉൾപ്പെടെയുള്ള എല്ലാ സൈനിക വിഭാഗങ്ങളിൽ നിന്നുമായി അഞ്ച് ലക്ഷത്തോളം പേർക്ക് അത്യാധുനിക ഡ്രോൺ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് യുദ്ധങ്ങളിൽ ഡ്രോണുകൾ വരുത്തിയ നിർണ്ണായക മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ദക്ഷിണ കൊറിയയുടെ പുതിയ തന്ത്രം. "ഇനി മുതൽ ഡ്രോണുകൾ ചുരുക്കം ചില യൂണിറ്റുകളുടെ മാത്രം ഉപകരണമല്ല, മറിച്ച് എല്ലാ സൈനികരുടെയും കയ്യിലെ 'രണ്ടാമത്തെ തോക്ക്' പോലെ ഒരു സാർവത്രിക യുദ്ധായുധമായി മാറും," എന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി അൻ ഗ്യു-ബെക്ക് (Ahn Gyu-back) വ്യക്തമാക്കി.
ഈ ബൃഹത്തായ പദ്ധതിയുടെ ഭാഗമായി 2029-ഓടെ 1,10,000 ഡ്രോണുകൾ പ്രാദേശികമായി നിർമ്മിച്ച് സൈന്യത്തിന് കൈമാറും. ചൈനീസ് നിർമ്മിത ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കി 100 ശതമാനവും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇവയുടെ നിർമ്മാണം. ഇതിനുപുറമെ, ശത്രുക്കളുടെ ഡ്രോണുകളെ പ്രതിരോധിക്കാൻ ലേസർ, ഹൈ-പവർ മൈക്രോവേവ് (Microwave) ആയുധ സംവിധാനങ്ങളും രാജ്യം ശക്തമാക്കും. കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ഇരുപതിനായിരത്തിലധികം വരുന്ന ഡിസ്പോസിബിൾ കോംബാറ്റ് ഡ്രോണുകളും എഐ (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഡ്രോൺ കൂട്ടങ്ങളും (Swarm systems) ഭാവി പ്രതിരോധത്തിന്റെ ഭാഗമാകുമെന്നും മന്ത്രാലയം അറിയിച്ചു.
