ഈഫൽ ടവറിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതായി പരാതി; ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് ടവർ അടച്ചു
പാരീസ്: ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (BAPS) എന്ന ഹൈന്ദവ ആത്മീയ സംഘടനയുടെ പ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയെന്ന ആരോപണത്തെത്തുടർന്ന് പാരീസിലെ ഈഫൽ ടവർ അടച്ചിട്ടു. ജീവനക്കാർ നടത്തിയ പെട്ടെന്നുള്ള പണിമുടക്കിനെത്തുടർന്നാണ് ടവർ സന്ദർശകർക്കായി താൽക്കാലികമായി അടച്ചത്.
നൂറോളം പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെ സ്ത്രീകളായ ജീവനക്കാരോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാനും പകരം പുരുഷന്മാരെ നിയമിക്കാനും നിർദ്ദേശം നൽകിയെന്നാണ് ജീവനക്കാരുടെ യൂണിയൻ ആരോപിക്കുന്നത്. ഇത് സ്ത്രീകളായ ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജീവനക്കാർ വ്യക്തമാക്കി.
സംഭവം വൻ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി പാരീസ് സിറ്റി അധികൃതർ അറിയിച്ചു. സ്ത്രീ സമത്വത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും BAPS സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
