ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി
തെൽ അവീവ്: സർക്കാർ രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി നെസെറ്റിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തിയതായി മുൻ ഇസ്രായേൽ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. പാർലമെന്റ് സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രി മതൻ കഹാനയെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു.
ഇസ്രായേലിന്റെ അടുത്ത സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നഫ്താലി ബെന്നറ്റ്, യായർ ഗോലാൻ, അവിഗ്ദോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായി കരാറിലെത്തിയതായി ഐസൻകോട്ട് അറിയിച്ചു. നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. മാറ്റത്തിനും പരിഷ്കരണത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടികളുടെ നേതാക്കളുമായി പ്രധാന പാർലമെന്ററി സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിൽ ധാരണയിലെത്തിയതായി എക്സിലൂടെയാണ് ഐസൻകോട്ട് അറിയിച്ചത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപവത്കരിക്കാനുള്ള ആദ്യ അവസരം ഐസൻകോട്ടിന് നൽകി ഉത്തരവിട്ടതിനു പിന്നാലെയാണ് നീക്കം.
ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ നെസെറ്റിൽ ഭൂരിപക്ഷം നേടാൻ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിക്കോ നെതന്യാഹുവിന്റെ സഖ്യത്തിനോ കഴിഞ്ഞിരുന്നില്ല. ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് പ്രസിഡന്റ് അനുവദിച്ചത്. ആവശ്യമെങ്കിൽ പ്രസിഡന്റിന് ഇത് 14 ദിവസം കൂടി നീട്ടിനൽകാം. സർക്കാർ രൂപവത്കരണത്തിനായി 67 അംഗങ്ങളുടെ പിന്തുണ ലഭിച്ചതായാണ് ഐസൻകോട്ടിന്റെ അവകാശവാദം. വിരുദ്ധ ചേരിയിലുള്ള രണ്ട് അറബ് പാർട്ടികൾ ഉൾപ്പെടെ ഐസൻകോട്ടിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികളുമായുള്ള ധാരണപ്രകാരം ഹൗസ് കമ്മിറ്റിയുടെ അധ്യക്ഷനായി റോയ് ഫോക്മാനെയും വിദേശകാര്യ-പ്രതിരോധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ പ്രതിരോധ മന്ത്രി ലീബർമാനെയുമാണ് നിർദേശിച്ചത്. ലിറാൻ അവിസർ ബെൻ-ഹൊറിൻ ധനകാര്യ സമിത അധ്യക്ഷനാകും. സർക്കാർ രൂപവത്കരണ ശ്രമങ്ങൾ തുടരുന്നതിനിടെ പ്രധാന പാർലമെന്ററി സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യകക്ഷികളുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമാണ് ഈ ക്രമീകരണമെന്ന് ഐസൻകോട്ട് വ്യക്തമാക്കി. പാർലമെന്റിലെ സമിതികളുടെ ഘടന സംബന്ധിച്ച ചർച്ചകൾ ഈ ആഴ്ച ഹൗസ് കമ്മിറ്റിയിൽ നടക്കുമെന്നും തുടർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക സമിതികൾ രൂപവത്കരിക്കാൻ നേതാക്കൾ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുൻ പ്രധാനമന്ത്രി യായർ ലാപിഡും ഐസൻകോട്ടുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. 26ാമത് നെസറ്റിലെ ഏകോപനത്തെക്കുറിച്ചും എത്രയും വേഗം ഒരു ദേശീയ അടിയന്തര സർക്കാർ രൂപവത്കരിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചും ചർച്ച നടത്തിയതായി ലാപിഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. പ്രസിഡന്റ് ഹെർസോഗിന്റെ ഓഫിസ് പുറത്തുവിട്ട വിവരമനുസരിച്ച്, 67 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഐസൻകോട്ട് അവകാശപ്പെടുന്നതെന്ന് പറയുന്നു. അതേസമയം, 46 പേരാണ് നെതന്യാഹുവിനെ പിന്തുണച്ചത്. നെതന്യാഹുവിന്റെ പക്ഷത്തുള്ള ഒരു പാർട്ടിയുടെ ഏഴ് അംഗങ്ങൾ തീരുമാനം അറിയിച്ചിട്ടില്ല.
ഐസൻകോട്ടിന്റെ നേതൃത്വത്തിൽ നാല് പാർട്ടികൾ ഉൾപ്പെടുന്ന സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. ഇതിൽ 21 സീറ്റുകളുമായി യഷാർ പാർട്ടിയാണ് വലിയ കക്ഷി. എന്നാൽ, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകൾ നേടി. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. അതിനാൽ മറ്റു പാർട്ടികളുമായി ഐസൻകോട്ടിന് ചർച്ചകൾ നടത്തേണ്ടിവരും.
