സ്റ്റാർലിങ്ക് വേഗത കുറയ്ക്കാൻ ഇലോൺ മസ്കിന്റെ ഉത്തരവ്: യുക്രെയ്നിന്റെ ഡ്രോൺ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി റിപ്പോർട്ട്

സ്റ്റാർലിങ്ക്

വാഷിംഗ്ടൺ: യുക്രെയ്ൻ സൈന്യം ഉപയോഗിച്ചിരുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്റെ' വേഗത കുറയ്ക്കാൻ സ്‌പേസ് എക്‌സ് (SpaceX) സി.ഇ.ഓ ഇലോൺ മസ്ക് നേരിട്ട് ഉത്തരവിട്ടതായി റിപ്പോർട്ട്. ഇതേത്തുടർന്ന് റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ സൈന്യം നടത്തിവന്ന ഡ്രോൺ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സൈനിക നീക്കങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമായ 'വാൾസ്ട്രീറ്റ് ജേർണൽ' ആണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

​സ്റ്റാർലിങ്കിന്റെ സൈനിക പതിപ്പായ 'സ്റ്റാർഷീൽഡ്' സേവനങ്ങളിലാണ് മസ്ക് വേഗത പരിധി (speed restrictions) ഏർപ്പെടുത്തിയത്. നെറ്റ്‌വർക്കിലുണ്ടായ ഈ അപ്രതീക്ഷിത വേഗതക്കുറവ് മൂലം യുക്രെയ്ന് തങ്ങളുടെ ഡ്രോണുകൾ നിയന്ത്രിക്കാനും റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനും സാധിക്കാതെ വരികയും പ്രധാന സൈനിക ദൗത്യങ്ങൾ പരാജയപ്പെടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

​ഇന്റർനെറ്റ് സേവനങ്ങൾ നിഷേധിച്ച നടപടിയെ തുടർന്ന് യുക്രെയ്നിൽ കടുത്ത ആശങ്കയും കീവിലെ ഭരണകൂടത്തിൽ അമർഷവും ഉടലെടുത്തിട്ടുണ്ട്. ഈ നീക്കം യുക്രെയ്ൻ സൈന്യത്തിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags

Share this story