ഇസ്ലാമിക വിപ്ലവത്തോടെ മുഖ്യധാരയിലേക്ക്; 37 വർഷം പരമോന്നത നേതാവ്, ഖൊമേനി മടങ്ങുമ്പോൾ

ali

ഒടുവിൽ ലോകം ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി ഇസ്രായേൽ-അമേരിക്ക സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 35 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ് അലി ഖൊമേനി എന്ന 87കാരൻ. ഇറാന്റെ പരമോന്ന നേതാവ് എന്നതിനപ്പുറം ഷിയ വിഭാഗത്തിന്റെ ആത്മീയ ആചാര്യൻ കൂടിയായിരുന്നു അദ്ദേഹം

1939 ഏപ്രിൽ 19ന് ഇറാനിലെ മഷാദിൽ ഒരു മതപണ്ഡിത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം അയത്തൊള്ള ഖുമൈനിയുടെ അനുയായിയായാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ഷായുടെ ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ പലതവണ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിപ്ലവത്തിന് ശേഷം ഇറാന്റെ പ്രതിരോധ മന്ത്രിയായും റെവല്യൂഷണറി ഗാർഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. 1981 മുതൽ 1989 വരെ അദ്ദേഹം ഇറാന്റെ പ്രസിഡന്റായിരുന്നു.

1989ൽ അയത്തൊള്ള ഖുമൈനിയുടെ മരണശേഷം ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 37 വർഷത്തോളം അദ്ദേഹം ഇറാന്റെ രാഷ്ട്രീയ, മത മേഖലകളിൽ അനിഷേധ്യമായ അധികാരം നിലനിർത്തി. പാശ്ചാത്യ വിരുദ്ധ നിലപാടുകളിലും ഇറാന്റെ ആണവ പദ്ധതികളിലും അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം.

ഇറാന്റെ വിദേശനയം, പ്രതിരോധം, ആഭ്യന്തര കാര്യം എന്നിവയിൽ അന്തിമ തീരുമാനം ആയത്തുല്ല അലി ഖൊമേനിയുടേത് ആയിരുന്നു. പാശ്ചാത്യ രാജ്യങ്ങളോടുള്ള കർക്കശമായ നിലപാടാണ് ഖൊമേനിയെ അമേരിക്കയുടെ പ്രഥമ ശത്രുവാക്കി മാറ്റിയത്. ഇറാന്റെ ആണവ സാങ്കേതിക വിദ്യയുടെ വളർച്ച പാശ്ചാത്യ രാഷ്ട്രങ്ങളെ വിറളി പിടിപ്പിച്ചിരുന്നു. മേഖലയിലെ ഇറാന്റെ സ്വാധീനവും ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളോടുള്ള സൗഹാർദവും അമേരിക്കയെ വിറളി പിടിപ്പിച്ചിരുന്നു

പാശ്ചാത്യ ലോകത്തെ വെല്ലുവിളിക്കുമ്പോഴും ഇറാനിലെ പ്രക്ഷോഭങ്ങളെ യാതൊരു വിധ ദയയുമില്ലാതെ അടിച്ചമർത്തുന്ന ഖൊമേനിയുടെ രീതി വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. അടുത്ത കാലത്തായി ഖൊമേനിക്കെതിരെ ജനങ്ങൾ പരസ്യമായി തെരുവിലിറങ്ങുന്നതും ലോകം കണ്ടു. ഇതിനെയും ദയാരഹിതമായി തന്നെ അടിച്ചമർത്താനായിരുന്നു പരമോന്നത നേതാവിന്റെ തീരുമാനം. പക്ഷേ 2026 ഫെബ്രുവരി 28ന് രാവിലെ നടന്ന വ്യോമാക്രമണത്തിൽ ഖൊമേനി ഈ ലോകത്തോട് വിടപറഞ്ഞു.


 

Tags

Share this story