ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ: ഫോണുകളിൽ നിന്നും ഉടൻ തന്നെ ഈ ചൈനീസ് ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

UU

ജീവനക്കാർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണിൽ നിന്ന് എത്രയും പെട്ടെന്ന് തന്നെ ചൈനീസ് ആപ്പായ ടിക്ടോക്ക് നീക്കം ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കോർപ്പറേറ്റ് ഫോണുകളിൽ നിന്നും, പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നുമാണ് ടിക്ടോക്ക് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വക്താവ് തിയറി ബ്രെട്ടനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, യൂറോപ്യൻ യൂണിയന്റെ നീക്കവുമായി ബന്ധപ്പെട്ട് ടിക്ടോക്ക് രംഗത്തെത്തിയിട്ടുണ്ട്.

ഭൂരിഭാഗം വിദേശ രാജ്യങ്ങളെല്ലാം ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നത് ചൈനീസ് കമ്പനികളെ അടിച്ചമർത്താൻ രാഷ്ട്രീയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം നടപടികൾ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ, യൂറോപ്യൻ യൂണിയന്റെ കനത്ത നിരീക്ഷണത്തിലാണ് ടിക്ക്ടോക്.

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഇന്ത്യ ടിക്ക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കനത്ത നിയന്ത്രണമാണ് ടിക്ക്ടോക്കിന് ഉള്ളത്. അമേരിക്കയിലെ സർക്കാർ ജീവനക്കാരുടെ ഹാൻഡ്സെറ്റുകളിൽ ടിക്ക്ടോക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഡാറ്റ, പകർപ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ടിക്ടോക്ക് പരാജയപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Share this story