യൂറോപ്പിൽ വ്യാജ ബോംബ് ഭീഷണി: 12-ലേറെ വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി, സർവീസുകൾ വഴിതിരിച്ചുവിട്ടു
പാരിസ്/റോം/ബ്രസൽസ്: വ്യാജ ബോംബ് സന്ദേശങ്ങളെ തുടർന്ന് യൂറോപ്പിലുടനീളം വ്യോമസേവനങ്ങൾക്ക് കനത്ത തടസ്സം. വിവിധ രാജ്യങ്ങളിലായി യാത്രക്കാരുമായി പറന്ന പന്ത്രണ്ടിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ അടിയന്തരമായി നിലത്തിറക്കുകയോ ചെയ്തു. ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ബൾഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലാണ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഇറ്റലിയിലെ റോമിലേക്ക് പുറപ്പെട്ട ഫിൻഎയർ വിമാനത്തിന് യാത്രാമധ്യേ യുദ്ധവിമാനങ്ങൾ സുരക്ഷാ അകമ്പടിയേകി റോമിലെ ഫ്യൂമിചിനോ വിമാനത്താവളത്തിൽ ഇറക്കി. പരിശോധനയിൽ വിമാനങ്ങളിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അയർലൻഡിലെ എയർ ലിംഗസ്, പോളിഷ് എയർലൈൻസിന്റെ ലോട്ട് (LOT), റയാൻഎയർ, വിസ് എയർ തുടങ്ങിയ എയർലൈനുകളുടെ വിമാനങ്ങൾക്കാണ് പ്രധാനമായും വ്യാജ സന്ദേശങ്ങൾ ലഭിച്ചത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യൂറോപ്പിൽ ഇത്തരത്തിൽ പരക്കെ വ്യാജ ബോംബ് ഭീഷണികൾ ഉയരുന്നത്. മേഖലയിലെ വ്യോമഗതാഗതത്തെയും സാമ്പത്തിക രംഗത്തെയും തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന അട്ടിമറി നീക്കങ്ങളുടെയും ഹൈബ്രിഡ് ആക്രമണങ്ങളുടെയും ഭാഗമാണോ ഇതെന്ന് യൂറോപ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസികളും സംശയിക്കുന്നു.
