നേപ്പാളിലെ മിന്നൽപ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400-ഓളം പേരെ കാണാതായി: വൻ നാശനഷ്ടം
കാഠ്മണ്ഡു: വടക്കൻ നേപ്പാളിലുണ്ടായ പെട്ടെന്നുള്ള മിന്നൽപ്രളയത്തിൽ (Flash Flood) 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 400-ഓളം പേരെ കാണാതായതായി റിപ്പോർട്ട്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തിബത്തൻ മേഖലയിൽ നിന്ന് ബുധനാഴ്ച രാവിലെ 9 മണിയോടെ ഭോട്ടെ കോശി (Bhote Koshi) നദിയിലൂടെ ഒഴുകിയെത്തിയ വൻ വെള്ളപ്പാച്ചിലാണ് പ്രദേശത്ത് വലിയ നാശനഷ്ട വിതച്ചത്.
റസുവ (Rasuwa) ജില്ലയിലെ തിമുറെ, സ്യാഫ്രുബേസി എന്നീ മേഖലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ നേപ്പാൾ പോലീസ് നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നേപ്പാൾ പ്രധാനമന്ത്രി എമർജൻസി യോഗം വിളിച്ചുചേർത്തു. റെഡ് ക്രോസ്, സ്കൗട്ട്സ്, മെഡിക്കൽ സംഘം എന്നിവരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്കും സോളാർ പ്ലാന്റുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് രാജ്യത്ത് ഏകദേശം 430 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു. മേഖലയിലെ പ്രധാന ഹൈവേകളും ഗതാഗത സംവിധാനങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
