ജപ്പാനിൽ അഭൂതപൂർവ്വമായ പ്രളയവും കനത്ത മഴയും: എട്ട് മരണം; ആയിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നു

ജപ്പാൻ

ടോക്കിയോ: ജപ്പാനിലെ ടോക്കിയോക്ക് സമീപമുള്ള ചിബ പ്രവിശ്യയിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടു. മണിക്കൂറിൽ 100 മില്ലീമീറ്ററിലധികം മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

​മഴയെത്തുടർന്ന് റോഡുകളും റെയിൽവേ ട്രാക്കുകളും വീടുകളും പൂർണമായും വെള്ളത്തിനടിയിലായി. ടോക്കിയോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രധാന റെയിൽവേ സ്റ്റേഷനുകളിലുമായി ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

​സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം ഉയർന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ലക്ഷക്കണക്കിന് ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനും കൂടുതൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കരസേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 

Tags

Share this story