ചൈനയിൽ മഹാപ്രളയവും ടൊർണാഡോയും; പാമ്പ് ഫാം തകർന്ന് ഒൻപതിനായിരത്തോളം വിഷപ്പാമ്പുകൾ പുറത്തുചാടി: ജനങ്ങൾ ഭീതിയിൽ
ബീജിങ്: ചൈനയിൽ കനത്ത നാശം വിതച്ച് 'മെയ്‌സാക്' ടൈഫൂണിനെത്തുടർന്നുണ്ടായ മഹാപ്രളയവും ശക്തമായ ടൊർണാഡോയും. ദുരന്തത്തിനിടയിൽ ദക്ഷിണ ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുള്ള ഹെങ്ഷുവിലെ ഒരു പ്രമുഖ പാമ്പ് ഫാം തകർന്നത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഫാമിൽ വളർത്തിയിരുന്ന മൂർഖൻ ഉൾപ്പെടെയുള്ള എണ്ണൂറിലധികം (ഏകദേശം 900) പാമ്പുകളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയും പുറത്തുചാടുകയും ചെയ്തത്.
ഗ്രാമങ്ങളിൽ പാമ്പ് ഭീതി; രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി ഗ്രാമീണർക്ക് പാമ്പുകടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മാരക വിഷമുള്ള മൂർഖൻ പാമ്പുകളും ഉൾപ്പെടുന്നുണ്ട്. പ്രദേശമാകെ വെള്ളത്തിനടിയിലായതിനാൽ പാമ്പുകടിയേറ്റവർക്ക് കൃത്യമായ സമയത്ത് ആന്റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ എത്തിക്കാൻ മെഡിക്കൽ സംഘത്തിന് സാധിക്കുന്നില്ല. നിലവിൽ വെള്ളം ഉയർന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാമ്പുകളെ പിടിക്കാൻ നാട്ടുകാരുടെ സംഘം
ദുരന്തബാധിതമല്ലാത്ത തൊട്ടടുത്ത ഗ്രാമങ്ങളിലെ പത്തോളം പേർ ചേർന്ന് സ്വന്തമായി ഒരു സിവിൽ പാമ്പ് പിടുത്ത സംഘം രൂപീകരിച്ച് വീടുകളിൽ കയറിയ പാമ്പുകളെ പിടികൂടാൻ രംഗത്തിറങ്ങിയിട്ടുണ്ട്. വലകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇവർ പാമ്പുകളെ പിടിക്കുന്നത്. പുറത്തുചാടിയതിൽ ഭൂരിഭാഗവും വിഷമില്ലാത്ത നീർക്കോലികളാണെങ്കിലും മൂർഖൻ പാമ്പുകളുടെ സാന്നിധ്യം ഭീതി ഇരട്ടിയാക്കുന്നു. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ആരും പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മരണസംഖ്യ ഉയരുന്നു
പ്രളയത്തിലും മലയിടിച്ചിലിലും ടൊർണാഡോയിലുമായി രാജ്യത്ത് ഇതുവരെ 17-ലധികം ആളുകൾ മരണപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദ്ദേശം നൽകി.
