ചരിത്രത്തിലാദ്യമായി സമുദ്ര ഡ്രോണുകളുമായി അമേരിക്ക; ഇറാനിലെ നാവിക കേന്ദ്രങ്ങളിൽ കനത്ത ആക്രമണം

US

വാഷിംഗ്ടൺ/തെഹ്റാൻ: സൈനിക ചരിത്രത്തിലാദ്യമായി സമുദ്ര ഡ്രോണുകൾ നേരിട്ടുള്ള യുദ്ധത്തിൽ പ്രയോഗിച്ച് അമേരിക്കൻ സേന. ഇറാനിലെ തന്ത്രപ്രധാനമായ നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഔദ്യോഗിക ദൃശ്യങ്ങളും യു.എസ് സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

​ഇറാനിലെ ബന്ദർ അബ്ബാസ് നാവിക താവളത്തിലുള്ള അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 'കോർസെയർ' (Corsair) വിഭാഗത്തിൽപ്പെട്ട മൂന്ന് അത്യാധുനിക ആളില്ലാ ഉപരിതല ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള ശേഷി ഇല്ലാതാക്കാനാണ് ഈ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

​ബന്ദർ അബ്ബാസിന് പുറമെ ബുശെർ, ചാബഹാർ, ജാസ്ക്, കൊനാരക്, അബു മൂസ എന്നീ തന്ത്രപ്രധാനമായ മേഖലകളിൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന കനത്ത ആക്രമണമാണ് അമേരിക്കൻ സേന നടത്തിയത്. ഈ മേഖലകളിലെ ഇറാൻറെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ എന്നിവ തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു. ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ ശക്തമായ സൈനിക നീക്കം. പ്രസ്തുത ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

​മേഖലയിൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ, ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മുതൽ അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും ഇതിനായി കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ നേരിടാൻ പശ്ചിമേഷ്യയിലുടനീളമായി അൻപതിനായിരത്തിലധികം യു.എസ് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

Tags

Share this story