പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരിക്ക് നേരെ മുട്ടയേറ്; രണ്ട് സ്ത്രീകൾ അറസ്റ്റിൽ
Sep 6, 2025, 10:26 IST

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാന് നേരെ മുട്ടയേറ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജയിലിലുള്ള ഇമ്രാൻ ഖാനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അലീമ
ആരോ അലീമക്ക് നേരെ മുട്ട വലിച്ചെറിയുന്നതും വസത്രത്തിൽ വന്ന് വീഴുന്നതും കാണാം. ഒപ്പമുള്ള സ്ത്രീ ആരാണ് ഇത് ചെയ്തതെന്ന് വിളിച്ച് ചോദിക്കുന്നുണ്ട്. പെട്ടെന്നുള്ള ആക്രമണത്തിൽ ആദ്യം പകച്ചെങ്കിലും, സാരമല്ലി പോകാം എന്ന് പറഞ്ഞ് അലീമ ശാന്തമായി നടന്നു നീങ്ങുകയായിരുന്നു.
സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്റെ പാർട്ടിയായ പിടിഐയുടെ അനുഭാവികളാണ് അറസ്റ്റിലായത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അലീമ പ്രതികരിക്കാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു.