മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി അലീമ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇമ്രാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സെപ്റ്റംബർ 27ന് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് നടപടി. ലാഹോറിൽ നിന്ന് കസ്റ്റഡിയിലെടുത്ത അലീമയെ കോട് ലഖ്പത് ജയിലിലേക്ക് മാറ്റിയെന്നാണ് വിവരം.
73കാരനായ ഇമ്രാൻ ഖാന്‍റെ മോചനത്തിനായി അലീമ നിരന്തരം പോരാട്ടം നടത്തിവരികയായിരുന്നു. 2023 മുതൽ ഇമ്രാൻ ജയിലിലാണ്. 1960ലെ പഞ്ചാബ് മെയിന്‍റനൻസ് ഓഫ് പബ്ലിക് ഓർഡർ ഓർഡിനൻസ് പ്രകാരമാണ് അലീമയെ കസ്റ്റഡിയിലെടുത്തത്. പൊതുസമാധാനത്തിന് ഭീഷണിയാകുമെന്ന് കരുതുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഈ നിയമം. ലാഹോർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് അലി ഇജാസ് 30 ദിവസത്തേക്കാണ് അലീമയെ കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടത്. മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിനാണ് പിടിഐ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.
വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് അലീമയെ കസ്റ്റഡിയിലെടുത്തതെന്ന് ഇമ്രാന്‍റെ മറ്റൊരു സഹോദരി നൂറിൻ നിയാസി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ പിടിഐ സെൻട്രൽ ഇൻഫർമേഷൻ സെക്രട്ടറി ഷെയ്ഖ് വഖാസ് അക്രം അപലപിച്ചു. അലീമയെ ഉടൻ കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബ് മെയിന്‍റനൻസ് ഓഫ് പബ്ലിക് ഓർഡർ ഓർഡിനൻസ് പ്രകാരം തടങ്കലിലാക്കപ്പെട്ടവർക്ക് ഹൈക്കോടതിയിൽ ഉത്തരവിനെ ചോദ്യം ചെയ്യാം. കൂടാതെ സംസ്ഥാന സർക്കാരിന് മുൻപാകെ പരാതിയും നൽകാം.
2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തെ തുടർന്നാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. ഇതിനു പിന്നാലെ ജയിലിൽ അടയ്ക്കപ്പെട്ടു.
