ജെൻ സി പ്രക്ഷോഭം, പിന്നാലെ സൈനിക അട്ടിമറി; മഡഗാസ്‌കർ പ്രസിഡന്റ് രാജ്യം വിട്ടോടി

ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ മഡഗാസ്‌കറിൽ സൈനിക അട്ടിമറി. പ്രസിഡന്റ് ആൻഡ്രി രാജോലീന രാജ്യം വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്റനാനരിവോയിൽ യുവാക്കളുടെ നേതൃത്വത്തിൽ മൂന്നാഴ്ചയായി നടന്നുവന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് സൈനിക അട്ടിമറി നടന്നത്
തിങ്കളാഴ്ച വൈകിട്ട് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള സംപ്രേഷണ കേന്ദ്രം സൈന്യം പിടിച്ചെടുത്തു. ഇതോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള ആൻഡ്രിയുടെ ശ്രമം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് സൈനിക വിമാനത്തിൽ കയറി പ്രസിഡന്റ് രാജ്യം വിട്ടത്
ആൻഡ്രി രാജോലീന എങ്ങോട്ടേക്കാണ് പോയതെന്നതിൽ സ്ഥിരീകരണമില്ല. 2009ൽ അധികാരത്തിൽ എത്താൻ രാജോലീനയെ സഹായിച്ച സൈന്യത്തിലെ ഒരു വിഭാഗം തന്നെയാണ് അട്ടിമറിക്കും നേതൃത്വം നൽകിയത്. കാപ്‌സറ്റ് എന്ന സൈനിക വിഭാഗം രാജ്യത്തെ എല്ലാ സായുധ സേനകളുടെയും നിയന്ത്രണം ഏറ്റെടുത്തു.