ഗൾഫ് യുദ്ധക്കെടുതികൾ: പുനർനിർമാണത്തിന് ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ യു.എസ് നിയമസാധ്യത തേടുന്നു
ഗൾഫ് മേഖലയിലെ യുദ്ധക്കെടുതികളും ഇറാൻ നടത്തിയ ആക്രമണങ്ങളിലെ നാശനഷ്ടങ്ങളും പരിഹരിക്കുന്നതിനായി ഇറാന്റെ ആസ്തികൾ (Assets) ഉപയോഗിക്കുന്നതിനുള്ള നിയമപരമായ വഴികൾ അമേരിക്ക പരിശോധിക്കുന്നതായി റിപ്പോർട്ട്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് (Scott Bessent) ഇതിനായുള്ള സാധ്യതകൾ വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുവൈറ്റ്, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ വിദേശത്തുള്ള മരവിപ്പിച്ച പണവും എണ്ണക്കപ്പലുകൾ അടക്കമുള്ള ഭൗതിക ആസ്തികളും ഗൾഫ് സഖ്യകക്ഷികളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിടാൻ യു.എസ് ആലോചിക്കുന്നത്.
ഭാവിലുണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾക്ക് പുറമെ, യുദ്ധം മൂലം നിലവിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം നികത്താനും ഈ ഫണ്ട് ഉപയോഗിച്ചേക്കും. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ യു.എസ് ട്രഷറി വകുപ്പ് ഗൾഫ് പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെ പുറത്തുവന്ന ഈ നീക്കം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.
