കൊറോണയ്ക്ക് പിന്നാലെ ഹാൻ്റവൈറസ് ഭീഷണി; 12 രാജ്യങ്ങൾ അതീവ ജാഗ്രതയിൽ: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Hant Virus

അർജന്റീനയിൽ നിന്നുള്ള 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാൻ്റവൈറസ് (Hantavirus) പടരുന്നത് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ അഞ്ചെണ്ണം ഹാൻ്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു. മൂന്ന് കേസുകൾ സംശയാസ്പദമാണ്.

എലികളിലൂടെ പടരുന്ന ഈ വൈറസ് അവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാൽ ഹാൻ്റവൈറസ് കൊറോണ പോലെ ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്തമാക്കി. "ഇതൊരു മഹാമാരിയല്ല, ആറ് വർഷം മുൻപ് ലോകം കണ്ട കോവിഡ്-19 സാഹചര്യം ഇവിടെയില്ല," മാധ്യമ ബ്രീഫിംഗിൽ അദ്ദേഹം പറഞ്ഞു.

12 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ക്രൂയിസ് കപ്പലിലെ യാത്രക്കാരായ സെന്റ് ഹെലീനയിൽ ഇറങ്ങിയ പൗരന്മാരുള്ള 12 രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, അമേരിക്ക, കാനഡ, ജർമ്മനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നിലവിൽ കപ്പലിലുള്ള മറ്റ് യാത്രക്കാരിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

ഏപ്രിൽ 11-ന് കപ്പലിൽ ആദ്യ മരണം

ഏപ്രിൽ ആറിന് രോഗലക്ഷണം കാണിച്ച ഒരു യാത്രക്കാരൻ ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരിച്ചതാണ് ആദ്യ സംഭവം. അന്ന് ഇതൊരു സാധാരണ ശ്വാസകോശ രോഗമായി കരുതിയതിനാൽ സാമ്പിളുകൾ ശേഖരിച്ചിരുന്നില്ല. എന്നാൽ കപ്പൽ അടുത്ത തുറമുഖത്ത് എത്തിയ ശേഷം യാത്രക്കാരിൽ പരിശോധന നടത്തിയപ്പോഴാണ് ഹന്താവൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലും സ്വിറ്റ്‌സർലൻഡിലും ഓരോ കേസുകൾ വീതം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പൊതുജനാരോഗ്യത്തിനുള്ള റിസ്ക് കുറവാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തൽ.

വിദഗ്ധ സംഘം കപ്പലിൽ

ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധൻ നിലവിൽ കാബോ വെർഡെയിൽ വെച്ച് കപ്പലിൽ പ്രവേശിച്ചിട്ടുണ്ട്. നെതർലൻഡിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. കപ്പൽ കാനറി ദ്വീപുകളിൽ എത്തുന്നത് വരെ ഇവർ അവിടെ തുടരും. യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയും വൈറസ് പടരാനുള്ള സാധ്യതകൾ വിലയിരുത്തുകയുമാണ് ഇവരുടെ ലക്ഷ്യം.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമോ?

ഹന്താവൈറസിന്റെ മിക്ക വകഭേദങ്ങളും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ ഡോ. മരിയ പറഞ്ഞു. "ഇത് കൊറോണ വൈറസ് പടരുന്നത് പോലെയല്ല. ശാരീരിക ബന്ധത്തിലൂടെയോ അല്ലെങ്കിൽ അടച്ചിട്ട സ്ഥലങ്ങളിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയോ മാത്രമേ ഇത് പടരാൻ സാധ്യതയുള്ളൂ.

2018-ൽ അർജന്റീനയിൽ ഉണ്ടായ പൊട്ടിപ്പുറപ്പെടലിന്റെ സമയത്ത് ഇത്തരത്തിൽ പടരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു," അവർ വിശദീകരിച്ചു. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് ആറ് ആഴ്ച വരെയാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഹാൻ്റവൈറസ് ലക്ഷണങ്ങൾ

തുടക്കത്തിൽ സാധാരണ പനി, ശരീരവേദന, തളർച്ച എന്നിവയാണ് പ്രകടമാകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ രോഗിയുടെ അവസ്ഥ വഷളാകും. വൈറസ് രക്തക്കുഴലുകളെ ദുർബലമാക്കുകയും ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ചെയ്യുന്നു. ഇത് ശ്വാസതടസ്സത്തിന് കാരണമാകും. ഇത്തരം ഘട്ടങ്ങളിൽ എക്മോ (ECMO) മെഷീനുകളുടെ സഹായത്തോടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ. ചിലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ ഹന്താവൈറസ് ലക്ഷണങ്ങൾ കണ്ടാലുടൻ എക്മോ സൗകര്യമുള്ള ആശുപത്രികളിലേക്ക് രോഗികളെ മാറ്റാൻ പ്രത്യേക നിർദ്ദേശമുണ്ട്.

Tags

Share this story