വിമാനം നിർത്താൻ പൈലറ്റിനോട് കൈവീശി; ലഗേജുമായി റൺവേയിലേക്ക് ഓടിയ സ്‌ത്രീകൾ പിടിയിൽ
മോസ്‌കോ: വിമാനത്താവളത്തിലെ റൺവേയിലൂടെ യാത്രക്കാർ ലഗേജുമായി ഓടിയ സംഭവത്തിൽ കനത്ത സുരക്ഷാ വീഴ്ച. യാത്ര സമയം കഴിഞ്ഞെത്തിയതിനെ തുടർന്ന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ട രണ്ട് സ്ത്രീകളാണ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് ടാർമാക്കിലേക്ക് അതിക്രമിച്ചു കയറിയത്. മോസ്‌കോയിലെ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇവരെ വിമാനത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് ടെർമിനലിലേക്ക് മടങ്ങി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യുന്നതിന് പകരം, ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തേക്ക് കടക്കുകയായിരുന്നു. വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ലഗേജുകളുമായി സ്ത്രീകൾ ടാർമാക്കിലൂടെ ഓടിയത്. പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൊരാൾ കൈവീശി കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Meanwhile at Moscow's Sheremetyevo International Airport two passengers who had missed their flight ran onto the tarmac on July 25 and walked directly toward an Aeroflot aircraft in an attempt to board, with one woman dragging a suitcase behind her. pic.twitter.com/1vmHOeBrhg
— Breaking Aviation News & Videos (@aviationbrk) August 8, 2026
വിമാനങ്ങൾ നീങ്ങുന്നതും ഗ്രൗണ്ടിലെവാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ സുരക്ഷാ മേഖലയാണ് ഏപ്രൺ. ഇവിടെയാണ് യാത്രക്കാരായ സ്ത്രീകൾഅതിക്രമിച്ചു കയറിയത്. ഗ്രൗണ്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. തുടർന്ന് ജീവനക്കാർ ഇരുവരെയും തടഞ്ഞുനിർത്തി ടെർമിനലിലേക്ക് തിരികെ കൊണ്ടുപോവുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക്കൈമാറുകയും ചെയ്തു.
ഇതാദ്യമായല്ല റഷ്യയിലെ വിമാനത്താവളങ്ങളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ മേയിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ഒരു യാത്രക്കാരന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടിരുന്നു. വിമാനം പുറപ്പെടുന്നത് കണ്ട് ഇയാൾ ടാർമാക്കിലേക്ക് ഓടിയിറങ്ങിയെങ്കിലും വിമാനം പറന്നുയർന്നു. തുടർന്ന് ഇയാൾക്ക് എയർപ്പോർട്ട് അധികൃതർ പിഴ ചുമത്തിയിരുന്നു.
