ഹോർമുസ് കരാർ അനിശ്ചിതത്വത്തിൽ: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ്

Trumb

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായതിനിടെ, ഇറാന് മേൽ കടുത്ത നിബന്ധനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ കാലങ്ങളിലുണ്ടായ വിവിധ സംഘർഷങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

​തങ്ങളുടെ രാജ്യത്ത് യു.എസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തിന് മറുപടിയായാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

​"വിവിധ സംഘർഷങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഇറാൻ കൊലപ്പെടുത്തുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്ത ആളുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഞാൻ ആവശ്യപ്പെടുകയാണ്," എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഭാവിയിൽ ഇറാനുമായി നടക്കുന്ന എല്ലാ ചർച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

​യു.എസ് പ്രസിഡന്റിന്റെ പുതിയ നിലപാടോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾ മങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags

Share this story