ഹോർമുസ് സുരക്ഷിത പാത: ഇറാൻ-ഒമാൻ ധാരണാപത്രം കരട് ഘട്ടത്തിൽ; സ്ഥിരീകരിച്ച് ഇറാൻ

ഇറാൻ

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിനായി സുരക്ഷിത പാത ഒരുക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ കരട് തയ്യാറാക്കൽ ഘട്ടത്തിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ (Esmail Baghaei) അറിയിച്ചു.

​കഴിഞ്ഞ രണ്ട് മാസമായി ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവരുന്ന ചർച്ചകളിൽ സാങ്കേതിക, നിയമപരമായ വിഷയങ്ങളിലും നിർദിഷ്ട പാതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികളിലും ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാം കക്ഷികൾ ഇടപെട്ട് തടസ്സങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ, ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്ന സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളാണ് മേഖലയിൽ സുരക്ഷാ ഭീഷണി ഉണ്ടാക്കിയതെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയാലും മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കപ്പെടാതെ കപ്പലുകൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. 

Tags

Share this story