'ഭാരതത്തില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതിയാൽ അയാൾ ഹിന്ദുവല്ല': മോഹൻ ഭാഗവത്
ന്യൂയോര്‍ക്ക്: ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ തന്നെ 'നാനാത്വത്തില്‍ ഏകത്വം' അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അമേരിക്കയെ വിശേഷിപ്പിക്കാന്‍ പലപ്പോഴും 'ബഹുസ്വരത' എന്ന വാക്കാണ് ഉപയോഗിക്കാറുള്ളതെന്നും, അതേസമയം ഇന്ത്യ 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയവുമായി ബന്ധപ്പെട്ടാണെന്നുമായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ശനിയാഴ്ച സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്.
'അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ്' സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം. രാഷ്ട്രങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായ അസ്തിത്വങ്ങള്‍ മാത്രമല്ലെന്നും പ്രപഞ്ചത്തിന്റെ ഘടനയില്‍ അവയ്ക്ക് നിര്‍ണായകമായ ഒരു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാഷ്ട്രത്തിനും നിറവേറ്റേണ്ടതായ ഒരു നിയോഗമുണ്ടെന്നായിരുന്നു സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയം സ്വയം ഉള്‍ക്കൊള്ളുകയും ലോകത്തെ അത് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയുമാണ് ഇന്ത്യയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൂട്ടം മുസ്‌ലിങ്ങളുമായുള്ള അന്നേദിവസം ന്യൂയോര്‍ക്കില്‍ നടന്ന സംഭാഷണം അനുസ്മരിച്ചുകൊണ്ട് മുസ്‌ലിങ്ങളെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാഗവത് മറുപടി നല്‍കി. മനുഷ്യര്‍ക്കിടയില്‍ യാതൊരു വേര്‍തിരിവും പാടില്ലെന്നും, വ്യത്യസ്ത മതമാര്‍ഗ്ഗങ്ങള്‍ ഒടുവില്‍ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഭാരതത്തില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കില്‍, അയാള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുവാകില്ല,' എന്ന് പറഞ്ഞ ഭാഗവത്, ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ആരും എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും ഓരോ മനുഷ്യനും അന്തസ്സുണ്ടെന്നും വിശ്വസിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.
സമകാലിക രാഷ്ട്രീയം സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായുള്ള ഒരു കളിയായി മാറിയെന്ന് വിമര്‍ശിച്ച ആര്‍എസ്എസ് മേധാവി, ഇതില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസ് അംഗങ്ങള്‍ എല്ലാവര്‍ക്കും എന്ത് നല്‍കിയാലും പകരം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംഘടന പിന്നിലാണെന്ന് സമ്മതിച്ച അദ്ദേഹം, ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതില്‍ പൊതുജനാഭിപ്രായത്തിന് വലിയ പങ്കുണ്ടെന്നും വാദിച്ചു. പ്രാദേശിക തലത്തില്‍ തുടങ്ങി കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
1996-ല്‍ ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ നടന്ന വിമാന കൂട്ടിയിടി സമയത്ത് ആര്‍എസ്എസ് സ്വീകരിച്ച നിലപാട് മുസ്‌ലിങ്ങളോടുള്ള സമീപനത്തിന് ഉദാഹരണമായി ഭാഗവത് ചൂണ്ടിക്കാട്ടി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റേതും കസാക്കിസ്ഥാന്റെ ഔദ്യോഗിക വിമാനക്കമ്പനിയുടേതുമായ രണ്ട് വിമാനങ്ങളാണ് ദാദ്രിക്ക് മുകളില്‍ വെച്ച് കൂട്ടിയിടിച്ചത്. അതില്‍ യാത്ര ചെയ്തിരുന്നവരില്‍ ഭൂരിഭാഗം പേരും മുസ്‌ലിങ്ങളായിരുന്നു. അപകടസ്ഥലത്ത് ആദ്യം എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ചികിത്സിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും ബന്ധുക്കള്‍ എത്തുന്നതുവരെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങളില്‍ സഹായിക്കാനും ഇരകളെ തിരിച്ചറിയാനും സഹായിച്ചതായി ഭാഗവത് പറഞ്ഞു. സഹായം നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ മതത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ വേര്‍തിരിവ് കാണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1996-ല്‍ നടന്ന ഈ ദുരന്തത്തില്‍ 349 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ കൂട്ടിയിടിയായാണ് ഇത് വ്യാപകമായി കണക്കാക്കപ്പെടുന്നത്.
ന്യൂയോര്‍ക്കിലെ ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം ജനപ്രതിനിധിയായ സൊഹ്റാന്‍ മംദാനിയുടെ വിമര്‍ശനത്തിനിടെ, അമേരിക്കയില്‍ നടത്തിയ വിപുലമായ പര്യടനത്തിനിടയിലാണ് ഭാഗവത് ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട ആശയപരമായ സംഘടനയായ ആര്‍എസ്എസിനെ ഒരു വര്‍ഗീയ സംഘടനയായാണ് മംദാനി വിശേഷിപ്പിച്ചിരുന്നത്. ഭാഗവതിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി, തന്റെ കുടുംബം തനിക്ക് പകര്‍ന്നുനല്‍കിയ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെയും മതേതര റിപ്പബ്ലിക്കിന്റെയും ആയിരുന്നുവെന്ന് മംദാനി പറഞ്ഞിരുന്നു. ചില വിഭാഗങ്ങലെ ഒഴിവാക്കണം എന്ന മനോഭാവത്തില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നായിരുന്ന ആര്‍എസ്എസിനെ കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.
