വീണ്ടും ആക്രമിച്ചാൽ യുദ്ധം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കവെ അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങൾക്കെതിരെ വീണ്ടും വ്യോമാക്രമണമോ മറ്റ് സൈനിക നടപടികളോ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നും യുദ്ധം ഗൾഫ് മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണികൾക്ക് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. കരാറിലെത്താൻ വൈകിയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകുമ്പോൾ, വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയാൽ അമേരിക്കയെ കാത്തിരിക്കുന്നത് 'വലിയ സർപ്രൈസുകൾ' ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
മേഖലയിലെ യുഎസ് കപ്പലുകൾക്ക് നേരെയും അയൽരാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഏത് ചെറിയ സൈനിക നീക്കത്തെയും ഒരു 'സമ്പൂർണ്ണ യുദ്ധ'മായി പരിഗണിച്ച് തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനം. ഇതോടെ വരും ദിവസങ്ങളിൽ മധ്യേഷ്യയിൽ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
