സംസ്ഥാന പദവി ഭീകരവാദം അവസാനിക്കുന്നതിനെ ആശ്രയിച്ചാണെങ്കിൽ, തീരുമാനം പാകിസ്ഥാനെ ആശ്രയിച്ചിരിക്കും; ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കി ഒമർ അബ്ദുള്ള

ജമ്മു

ശ്രീനഗർ: ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുള്ള അവതരിപ്പിച്ച പ്രമേയത്തിന്മേൽ ശക്തമായ പ്രതിഷേധമുയർത്തിയ പ്രതിപക്ഷമായ ബി.ജെ.പി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

​ചർച്ചയ്ക്കൊടുവിൽ സംസാരിച്ച ഒമർ അബ്ദുള്ള, കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ഭീകരവാദം പൂർണ്ണമായി അവസാനിച്ച ശേഷം മാത്രമേ സംസ്ഥാന പദവി നൽകൂ എന്ന നിബന്ധന വയ്ക്കുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "തീവ്രവാദം അവസാനിക്കുന്നതിനെ ആശ്രയിച്ചാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതെങ്കിൽ, ആ തീരുമാനത്തിൻ്റെ നിയന്ത്രണം പാകിസ്ഥാന്റെ കൈകളിലാവും എത്തുക" എന്ന് അദ്ദേഹം സഭയിൽ മുന്നറിയിപ്പ് നൽകി.

​മണ്ഡല പുനർനിർണയവും തിരഞ്ഞെടുപ്പും പൂർത്തിയായാൽ സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഒമർ അബ്ദുള്ള ഓർമ്മിപ്പിച്ചു. ജനങ്ങൾ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത സ്ഥിതിക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags

Share this story