ഇമ്രാൻ ഖാനോട് വ്യക്തിവൈരാഗ്യം: പാകിസ്താൻ സൈനിക മേധാവിക്കെതിരെ ആരോപണവുമായി മക്കൾ
തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് ആരോപിച്ച് മക്കളായ കാസിം ഖാനും സുലൈമാൻ ഖാനും രംഗത്തെത്തി. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന തങ്ങളുടെ പിതാവിനെ ജയിലിനുള്ളിൽ പതുക്കെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനിൽ ആശങ്കയുണ്ടെന്നും വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.
കഴിഞ്ഞ ആറുമാസമായി ഇമ്രാൻ ഖാനുമായി സംസാരിക്കാൻ മക്കൾക്ക് അനുവാദം നൽകിയിട്ടില്ല. ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസയ്ക്ക് അപേക്ഷിച്ച് ഒമ്പത് മാസമായിട്ടും അധികൃതർ വിസ അനുവദിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു. ഏകാന്ത തടവിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമാണെന്നും കൃത്യമായ വൈദ്യസഹായം പോലും നൽകുന്നില്ലെന്നും മക്കൾ വ്യക്തമാക്കി. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അസിം മുനീറിനെ പദവിയിൽ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഈ പ്രതികാര നടപടികൾക്ക് പിന്നിലെന്ന് അവർ ആരോപിക്കുന്നു.
അതേസമയം, ഇമ്രാൻ ഖാന്റെ മക്കളുടെ ആരോപണങ്ങൾ വ്യാജ പ്രചാരണമാണെന്ന് പാകിസ്താൻ സർക്കാർ വ്യക്തമാക്കി. ജയിലിൽ അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൃത്യമായ വൈദ്യപരിശോധനകളും നൽകുന്നുണ്ടെന്ന് ഭരണകൂടം അവകാശപ്പെട്ടു.
