ഭാവി സുരക്ഷിതമാക്കാൻ സുതാര്യമായ സപ്ലൈ ചെയിൻ: ഇന്ത്യയും നെതർലൻഡ്സും കൈകോർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആംസ്റ്റർഡാം: ആഗോള സാമ്പത്തിക പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും പ്രതിരോധിക്കാൻ ഇന്ത്യയും നെതർലൻഡ്സും സംയുക്തമായി സുരക്ഷിതവും സുതാര്യവുമായ ഒരു 'ഫ്യൂച്ചർ റെഡി' (ഭാവി മുന്നിൽ കണ്ടുള്ള) സപ്ലൈ ചെയിൻ (വിതരണ ശൃംഖല) കെട്ടിപ്പടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി നെതർലൻഡ്സിലെത്തിയ അദ്ദേഹം അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
#WATCH | Netherlands: Prime Minister Narendra Modi concluded his address at the community event in The Hague, with chants of 'Bharat Mata ki jai'. pic.twitter.com/fmcqXbgeGs
— ANI (@ANI) May 16, 2026
ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഈ ദശകത്തിൽ ലോകം മുഴുവൻ ശക്തമായ വിതരണ ശൃംഖലകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, വിശ്വാസയോഗ്യവും സുതാര്യവുമായ ഒരു സംവിധാനം ഒരുക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക-സാംസ്കാരിക സഹകരണത്തിന്റെ വളർച്ചയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ സാങ്കേതികവിദ്യയിലും മാനവിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവസരങ്ങളുടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമികണ്ടക്ടർ നിർമ്മാണം, ഹരിത ഊർജ്ജം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സുപ്രധാന സന്ദർശനം.
