വ്യാപാര ചർച്ചകൾക്കിടെ ഇന്ത്യക്ക് തിരിച്ചടി; 12.5% പുതിയ നികുതി ചുമത്താൻ അമേരിക്കയുടെ നീക്കം: പാകിസ്താനും യൂറോപ്യൻ യൂണിയനും 10%

Tarif

വാഷിംഗ്ടൺ: ഇരുരാജ്യങ്ങളും തമ്മിൽ നിർണായക വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ 12.5 ശതമാനം അധിക നികുതി (Tariffs) ഏർപ്പെടുത്താൻ അമേരിക്കയുടെ ശുപാർശ. നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയമപരമായി നിരോധിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് യു.എസ് ട്രേഡ് റപ്രസന്റേറ്റീവ് (USTR) ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

​ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾക്ക് മേലാണ് 12.5 ശതമാനം നികുതി ചുമത്താൻ നിർദ്ദേശമുള്ളത്. അതേസമയം പാകിസ്താൻ, കാനഡ, യൂറോപ്യൻ യൂണിയൻ (EU), മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം നികുതിയാണ് യു.എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രാജ്യങ്ങൾ നിർബന്ധിത തൊഴിലിനെതിരെയുള്ള നിരോധനം നടപ്പിലാക്കാൻ താല്പര്യം കാണിച്ചതിനാലാണ് ഇളവ്.

​ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ (BTA) ആദ്യ ഘട്ട ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സമയത്താണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം. വസ്ത്രങ്ങൾ (Textiles), മറ്റ് പ്രധാന വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയെ ഈ നികുതി വർദ്ധന ബാധിച്ചേക്കാം.

​എന്നാൽ ഈ നികുതി നിർദ്ദേശം ഉടനടി നടപ്പിലാകില്ല. ജൂലൈ 6 വരെ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട രാജ്യങ്ങൾക്കും ഇതിന്മേൽ അഭിപ്രായം അറിയിക്കാൻ സമയമുണ്ട്. ജൂലൈ 7-ന് നടക്കുന്ന പബ്ലിക് ഹിയറിംഗിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. വിഷയം നിലവിലെ വ്യാപാര ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Tags

Share this story