മുംബൈ ഭീകരാക്രമണം പോലെ ഇന്ത്യയെ വീണ്ടും ആക്രമിക്കും; ഭീഷണിയുമായി ലഷ്‌കറെ ത്വയിബ
2008 മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ ഭീഷണി. 2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഡെപ്യൂട്ടി ചീഫുമായ സെയ്ഫുല്ല കസൂരി പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. 2025ൽ പാക്കിസ്ഥാൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചെന്നും 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി പറയുന്നു
ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിക്കലും ഇടമുണ്ടാകില്ല. ഇത് ദൈവഹിതമാണ്. പാക് സൈന്യത്തിന്റെ പൂർണ പിന്തുണ തങ്ങൾക്കുണ്ടെന്നും കസൂരി വീഡിയോയിൽ തുറന്നു പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്നറിയിപ്പ് നൽകിയ കസൂരി ഇന്ത്യ ജല ഭീകരവാദം നടത്തുകയാണെന്നും ആരോപിച്ചു.
കാശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതമുണ്ടാകും. ഇന്ത്യൻ മതകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് ഭീഷണി. അയോധ്യ രാമക്ഷേത്രമടക്കമുള്ളവയെ ലഷ്‌കർ ലക്ഷ്യമിടുന്നതായാണ് സൂചന. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നാവികസേനയും തീര സംരക്ഷണ സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
