വന്‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം; പ്രശംസയുമായി നെതന്യാഹു
ടെൽഅവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ അപകടം ഒഴിവാക്കിയത് ഫ്‌ലൈറ്റ് ക്യാപ്റ്റന്റെ ധീരമായ ഇടപെടലൂടെയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ എന്ന ഇന്ത്യന്‍ പൈലറ്റ് ആണ് അതിസാഹസികമായി വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നില്‍. ഏകദേശം 180 ഇസ്രായേലി യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് കോ പൈലറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. കോപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. എന്നാല്‍ ഇന്ത്യന്‍ പൈലറ്റായ സ്മിത്ത് കോ-പൈലറ്റിനോട് ഏറ്റുമുട്ടി ഫ്‌ലൈറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. കോ-പൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റന്‍ സ്മിത്തിന് നിരവധി തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുത്തേറ്റ് ചോരവാർന്ന നിലയിൽ വിമാനത്തിൽ കിടക്കുന്ന സ്മിത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ബോയിംഗ് 737 വിമാനങ്ങളില്‍ 13 വര്‍ഷത്തിലേറെ പറക്കല്‍ പരിചയമുള്ള ഒരു പരിചയസമ്പന്നനായ വാണിജ്യ പൈലറ്റാണ് സ്മിത്ത്. 2022 ജൂണ്‍ മുതല്‍ അദ്ദേഹം ഫ്‌ളൈ ദുബായില്‍ ക്യാപ്റ്റനാണ്. മുമ്പ് 11 വര്‍ഷം സ്പൈസ് ജെറ്റില്‍ സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Our Embassy in Riyadh and Consulate in Jeddah have been following the health condition of Mr Smit Machchhar, the brave Indian pilot of Flydubai flight that was diverted to Tabuk today. He is admitted in a hospital in Tabuk city in northwest Saudi Arabia and receiving necessary…
— India in Saudi Arabia (@IndianEmbRiyadh) September 30, 2026
ബുധനാഴ്ച ഫ്‌ളൈദുബായ് ഫ്‌ലൈറ്റ് FZ1073 എന്ന വിമാനത്തിന്റെ നിയന്ത്രണമാണ് കോപൈലറ്റ് നിയന്ത്രിച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. 'അസാധാരണമായ ധൈര്യവം പ്രകടിപ്പിച്ച ഈ വീരന്മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു അവര്‍ നിരവധി ജീവന്‍ രക്ഷിക്കുകയും ഒരു വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്തെ'ന്നാണ് സംഭവത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചത്. കോക് പിറ്റിലേക്ക് അതിക്രമിച്ചു കയറി വിമാനത്തിന്റെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച ഒമാനി പൈലറ്റിനെ കീഴടക്കിയ ഇസ്രയേലി യാത്രക്കാരില്‍ ഒരാളോട് താന്‍ പിന്നീട് സംസാരിച്ചതായും നെതന്യാഹു പറഞ്ഞു.
തബൂക്കിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് വിമാനത്തിന്റെ ധീരനായ ഇന്ത്യൻ പൈലറ്റ് മിസ്റ്റർ സ്മിത്ത് മച്ചാറിന്റെ ആരോഗ്യസ്ഥിതി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. തബൂക്ക് നഗരത്തിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഫ്ലൈദുബൈ വിമാനത്തിലെ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു
ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ. പിന്നീട് സംഭവം ഹൈജാക്കിങ് അല്ലെന്നും പൈലറ്റുമാർ തമ്മിലുള്ള തർക്കമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടത് ഒരു ഹൈജാക്കിംഗ് സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കിയിരുന്നത്. അപായ സിഗ്നൽ കൈമാറിയ ഫ്ലൈ ദുബായ് വിമാനം അടിയന്തമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിമാന റാഞ്ചലുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോഡ് സജീവമാക്കുകയും സിഗ്‌നല്‍ കൈമാറുകയും ചെയ്തതായി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ ഉദ്യോഗസ്ഥരുമായി സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്തിരുന്നു. ഇസ്രയേല്‍ സേന സംഭവ മേഖലയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ ബോയിംഗ് 737MAX8 ഫ്‌ലൈറ്റാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഫ്‌ലൈറ്റ് മറ്റൊരാളുടെ നിയന്ത്രണത്തിലാകുന്ന 7500 കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഫ്‌ലൈറ്റ് ഹൈജാക്ക് നടന്നതായുള്ള റിപ്പോര്‍ട്ട് പ്രചരിച്ചത്. പിന്നാലെയാണ് കോ പൈലറ്റ് നടത്തിയ ആക്രമണത്തിന്റെ ഉൾപ്പടെ വിവരങ്ങൾ ഉൾപ്പടെ പുറത്തുവന്നത്.
