കാനഡയുടെ നാടുകടത്തൽ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാമത്; 2020-ന് ശേഷം ആദ്യമായി മെക്സിക്കോയെ മറികടന്നു

കാനഡ

ഓട്ടവ: കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന വിദേശികളുടെ പട്ടികയിൽ ഇന്ത്യക്കാർ ഒന്നാമതെത്തി. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 3,323 ഇന്ത്യൻ പൗരന്മാർക്കാണ് കാനഡ നാടുകടത്തൽ നടപടികൾ നേരിടേണ്ടി വന്നത്. 2020-ന് ശേഷം ആദ്യമായാണ് പട്ടികയിൽ മെക്സിക്കോയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്.

​ഇമിഗ്രേഷൻ നിയമങ്ങളിൽ കാനഡ വരുത്തിയ കടുത്ത നിയന്ത്രണങ്ങളും പരിശോധനകളുമാണ് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയത്. വൻതോതിലുള്ള വിസ ലംഘനങ്ങൾ, താൽക്കാലിക വിസ കാലാവധി കഴിഞ്ഞിട്ടും തുടരൽ, അഭയാർത്ഥി അപേക്ഷകൾ തള്ളപ്പെടൽ, കുറ്റകൃത്യങ്ങളിൽ പങ്കാളികളാകൽ തുടങ്ങിയ കാരണങ്ങളാണ് നാടുകടത്തലിലേക്ക് നയിച്ചത്.

​നാടുകടത്തൽ ഭീഷണി നേരിടുന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥി വിസയിലും താൽക്കാലിക തൊഴിൽ വിസയിലും കാനഡയിലെത്തിയവരാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യം വിട്ടുപോകാൻ നിർദ്ദേശം ലഭിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ ആജീവനാന്ത വിലക്ക് നേരിടേണ്ടി വരുമെന്നും കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags

Share this story