ഇന്ത്യക്കാർക്ക് യുഎസ് വിസ ലഭിക്കാൻ ഇനി കൂടുതൽ കാത്തിരിക്കണം; നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക

യുഎസ്എ

വാഷിംഗ്ടൺ: യുഎസിലേക്കുള്ള വിസ നിയമങ്ങൾ കടുപ്പിച്ച് അമേരിക്കൻ ഭരണകൂടം. ഇനി മുതൽ വിസ അപേക്ഷകർക്ക് വിദേശ രാജ്യങ്ങളിൽ അപ്പോയിന്റ്‌മെന്റ് എടുത്ത് അഭിമുഖത്തിൽ പങ്കെടുക്കാനാവില്ല. സ്വന്തം രാജ്യത്തോ സ്ഥിരതാമസമാക്കിയ രാജ്യത്തോ മാത്രമേ വിസ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഈ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പൗരന്മാരെയാണ്.

​നിലവിൽ വിസ അപേക്ഷകർക്ക് യുഎസിലെ കോൺസുലേറ്റുകളിൽ അഭിമുഖത്തിന് കാലതാമസം നേരിടുമ്പോൾ, വിസ ലഭിക്കാൻ എളുപ്പമുള്ള മറ്റ് രാജ്യങ്ങളായ സിംഗപ്പൂർ, തായ്‌ലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ അപ്പോയിന്റ്‌മെന്റ് എടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ ഈ സാധ്യത പൂർണമായും ഇല്ലാതായി.

​ഇന്ത്യയിലെ യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും നിലവിൽത്തന്നെ വിസ അഭിമുഖങ്ങൾക്കായി വലിയ തിരക്കുണ്ട്. മുംബൈയിലും ഹൈദരാബാദിലും മൂന്ന് മാസത്തിൽ കൂടുതലും, ചെന്നൈയിൽ ഒമ്പത് മാസത്തോളവും വിസ അഭിമുഖങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമം വന്നതോടെ ഈ കാത്തിരിപ്പ് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

​കൂടാതെ, പ്രായം കുറഞ്ഞവർക്കും മുതിർന്നവർക്കും നൽകിയിരുന്ന അഭിമുഖ ഇളവുകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. 14 വയസ്സിൽ താഴെയും 79 വയസ്സിന് മുകളിലുമുള്ള അപേക്ഷകർക്കും ഇനി മുതൽ നേരിട്ടുള്ള അഭിമുഖം നിർബന്ധമാണ്. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾ, ബിസിനസ്സ് യാത്രക്കാർ, വിനോദസഞ്ചാരികൾ, ജോലിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. വിസാ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Tags

Share this story