ഇന്ത്യ-യു.എസ് വ്യാപാര കരാർ ഉടൻ; മുൻ കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ / മുംബൈ: ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തോടടുക്കുകയാണെന്ന് (Pretty Close) യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള വ്യാപാര കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും വരാനിരിക്കുന്ന കരാറെന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഒരു വർഷത്തിലേറെയായി ചർച്ചകൾ തുടർന്നു വരികയായിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനവേളയിലാണ് ട്രംപിന്റെ നിർണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്. മുംബൈയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ കൂടിക്കാഴ്ച നടത്തി.
ചില സാങ്കേതികപരമായ കാര്യങ്ങൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ വ്യാപാര കരാർ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിലെ 240 ബില്യൺ ഡോളറിൽ നിന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറായി ഉയർത്താനാണ് യു.എസ് ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഈ കരാർ നിർണായക പങ്ക് വഹിക്കും.
