സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടി: അന്താരാഷ്ട്ര പിന്തുണ തേടി പാകിസ്ഥാൻ

സിന്ദു നദി

ഇസ്‌ലാമാബാദ്/ന്യൂഡൽഹി: 1960-ലെ സിന്ധു നദീജല കരാർ (Indus Waters Treaty) ഇന്ത്യ നിർത്തിവെച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ പാകിസ്ഥാൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ തേടുന്നു. കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ രംഗത്തെത്തി. എന്നാൽ ഭീകരവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കാതെ കരാറിൽ അയവില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇന്ത്യ.

​അമേരിക്കയിലെ പാകിസ്ഥാൻ എംബസി സംഘടിപ്പിച്ച സെമിനാറിലാണ് പാക് വിദേശകാര്യ മന്ത്രി ആശങ്ക അറിയിച്ചത്. സിന്ധു നദീതടം 25 കോടിയോളം വരുന്ന പാകിസ്ഥാൻ ജനതയുടെ ജീവരേഖയാണെന്നും, കൃഷി, ഭക്ഷ്യസുരക്ഷ, ഊർജ്ജ ഉൽപ്പാദനം എന്നിവ ഇതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരാർ ഏകപക്ഷീയമായി നിർത്തിവെച്ച ഇന്ത്യയുടെ നടപടിക്ക് നിയമപരമായ അടിത്തറയില്ലെന്നും, ജലസുരക്ഷ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും ഇഷാഖ് ദാർ കൂട്ടിച്ചേർത്തു.

​എന്നാൽ, ഭീകരവാദവും നദീജല പങ്കുവെക്കലും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്. കഴിഞ്ഞ വർഷം പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് കരാർ നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ വ്യക്തവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന് ന്യൂഡൽഹി വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story