ഇന്റർപോളിന്റെ എഐ ഭീകരവേട്ട: 5 ദിവസത്തെ ഓപ്പറേഷനിൽ 126 അന്താരാഷ്ട്ര ഭീകരരെ തിരിച്ചറിഞ്ഞു
ടുണീഷ്യ / ലിയോൺ: അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണ ഏജൻസിയായ ഇന്റർപോൾ (INTERPOL) നടപ്പാക്കിയ 5 ദിവസം നീണ്ടുനിന്ന പ്രത്യേക എഐ അധിഷ്ഠിത ഭീകരവിരുദ്ധ ഓപ്പറേഷനിൽ 126 വിദേശ ഭീകരരെ (Foreign Terrorist Fighters) തിരിച്ചറിഞ്ഞു. 'ഓപ്പറേഷൻ ഷംസ് II' (Operation Shams II) എന്ന് പേരിട്ടിരിക്കുന്ന ഈ മിഷനിലൂടെ ഭീകര സംഘടനകളുടെ വിഷ്വൽ കണ്ടന്റുകളിൽ നിന്നുള്ള 1,08,000-ത്തിലധികം ചിത്രങ്ങൾ കൃത്രിമബുദ്ധി (Artificial Intelligence) ഉപയോഗിച്ച് വിശകലനം ചെയ്താണ് ഇന്റർപോൾ ഈ നിർണ്ണായക നേട്ടം കൈവരിച്ചത്.
ടുണീഷ്യയിലെ ടുണിസിൽ വച്ച് നടന്ന ഈ ഓപ്പറേഷനിൽ ഇന്റർപോളിന്റെ അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും എഐ സാങ്കേതികവിദ്യയും പരസ്പരം സംയോജിപ്പിച്ചാണ് സംശയിക്കപ്പെടുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചത്. ഭീകരരുടെ ഡിജിറ്റൽ സാന്നിധ്യം, ചിത്രങ്ങൾ, സാമൂഹിക ശൃംഖലകൾ, യാത്രാ വിവരങ്ങൾ എന്നിവ കണ്ടെത്തുന്നതിൽ ഈ എഐ വേട്ട വഴിത്തിരിവായി.
തീവ്രവാദ സംഘടനകൾക്ക് അനധികൃതമായി ലഭിക്കുന്ന ക്രിപ്‌റ്റോകറൻസി സാമ്പത്തിക സഹായങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള അത്യാധുനിക മാർഗ്ഗങ്ങളും ഈ ഓപ്പറേഷന്റെ ഭാഗമായി ഉപയോഗിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതോടെ കൂടുതൽ ഭീകരരെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഇന്റർപോൾ അധികൃതർ വ്യക്തമാക്കി.
