ഇറാൻ എന്നും പശ്ചിമേഷ്യയുടെ ഭീഷണി; കരാറിലെത്തിയില്ലെങ്കിൽ നരകത്തിലേക്ക് തള്ളിവിടും: മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ ഭാഗത്തുനിന്ന് സമാധാനപരമായ കരാർ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ തകർത്തെറിയുമെന്നും നരകത്തിലേക്ക് തള്ളിവിടുമെന്നും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയിൽ (UNGA) ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം.
"പശ്ചിമേഷ്യയിൽ ഇത്രയും കാലം ഭീഷണി ഉയർത്തിയിരുന്ന ഇറാനെ ഇനി അതിന് അനുവദിക്കില്ല. അമേരിക്കക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്; ഒന്നുകിൽ ഇറാനുമായി ഒരു പുതിയ കരാറിലെത്തി അവരെ പുനർനിർമ്മാണത്തിലേക്ക് നയിക്കുക. അല്ലെങ്കില്‍ അവരെ പൂർണ്ണമായി തകർത്ത് അതിജീവനത്തിന്റെ ഒരു പ്രതീക്ഷയും ബാക്കിവെക്കാതെ നരകത്തിലേക്ക് തള്ളിവിടുക. ഇതിൽ ഏത് വേണമെന്ന് താൻ തീരുമാനിക്കും" - ട്രംപ് വ്യക്തമാക്കി.
തങ്ങളെ ഭയപ്പെടുത്തി കീഴടക്കാമെന്ന് ഇറാൻ കരുതേണ്ടതില്ലെന്നും, ആണവായുധം നിർമ്മിക്കാൻ രാജ്യത്തെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കോൺഗ്രസിലേക്ക് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം (Midterm Elections) ഇറാനുമായി കരാറിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, യുഎൻ അസംബ്ലിയിൽ ട്രംപിന്റെ പ്രസംഗം ആരംഭിച്ചയുടൻ ഇറാനിയൻ പ്രതിനിധികൾ പ്രതിഷേധ സൂചകമായി ഹാൾ വിട്ടിറങ്ങി പോയി. ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
