ട്രംപിന്റെ ഭരണകാലാവധി അവസാനിക്കും വരെ യുദ്ധം തുടരുമെന്ന സൂചന നൽകി ഇറാൻ; വെടിനിർത്തൽ വാർത്ത തള്ളി
തെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടർന്നേക്കുമെന്ന ശക്തമായ സൂചന നൽകി ഇറാൻ. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്ന വാർത്തകൾ ഇറാൻ പൂർണ്ണമായി തള്ളി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ ഗതാഗത തടസ്സവും പ്രതിസന്ധിയും കൂടുതൽ സങ്കീർണ്ണമാകുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, യുദ്ധ നഷ്ടപരിഹാരം നൽകണമെന്ന ട്രംപിന്റെ പുതിയ ഉപാധികളും കടുത്ത ഉപരോധ നിലപാടുകളും ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി.
ഇനി ഒരു രാജ്യവും ആക്രമിക്കാൻ ധൈര്യപ്പെടാത്ത വിധം രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നിലപാട്. നിലവിൽ ഹോർമൂസിലൂടെയുള്ള കപ്പൽ ഗതാഗതം വൻതോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോർമൂസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, യുഎസ് സൈന്യം പൂർണ്ണമായി പിൻമാറാതെയും ഉപരോധങ്ങൾ പിൻവലിക്കാതെയും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
