യുറേനിയം ചൈനയ്ക്ക് കൈമാറാൻ ഇറാൻ ഒരുങ്ങുന്നതായി സൂചന; നിർണായക നീക്കവുമായി ടെഹ്‌റാൻ

China iran

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ചൈനയ്ക്ക് കൈമാറാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനും ഉപരോധങ്ങൾ നീക്കാനുമുള്ള ചർച്ചകളിൽ യുറേനിയം ശേഖരം രാജ്യം വിട്ട് മാറ്റണമെന്നത് അമേരിക്കയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഈ പശ്ചാത്തലത്തിലാണ് യുറേനിയം യു.എസിനോ റഷ്യയ്ക്കോ നൽകാതെ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയ്ക്ക് കൈമാറാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചത്.

​ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന 60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമാണ് ഇറാന്റെ പക്കലുള്ളത്. സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഈ യുറേനിയം തിരികെ നൽകണം എന്ന കർശന നിബന്ധനയോടെയായിരിക്കും കൈമാറ്റം.

​ഇറാനിൽ നിന്നുള്ള യുറേനിയം ഏറ്റെടുക്കാൻ ചൈനയും അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച നടത്തുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഈ കൈമാറ്റത്തിന്മേൽ അമേരിക്ക മുന്നോട്ട് വെയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ (Safeguards) എന്തൊക്കെയായിരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.

Tags

Share this story