ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ 'അന്ത്യശാസനം' തള്ളി ഇറാൻ; പൈലറ്റിനായി തെരച്ചിൽ ഊർജ്ജിതം
Apr 5, 2026, 08:20 IST
അമേരിക്കൻ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് കാണാതായ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. പൈലറ്റിനെ കണ്ടെത്താൻ യുഎസ് സേന ആധുനിക സംവിധാനങ്ങളുമായി തിരച്ചിൽ നടത്തുമ്പോൾ, പൈലറ്റിനെ പിടികൂടുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് ഇറാനും രംഗത്തുണ്ട്.
അതേസമയം, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ സമയപരിധി ഇറാൻ തള്ളി. ട്രംപിന്റെ ഭീഷണി 'അർത്ഥശൂന്യവും ബാലിശവുമാണെന്ന്' വിശേഷിപ്പിച്ച ഇറാൻ, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോൾ പൈലറ്റിന്റെ തിരോധാനം ട്രംപ് ഭരണകൂടത്തിന് വലിയ നയതന്ത്ര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
