ട്രംപിന് മറുപടിയുമായി ഇറാൻ; ഹോർമൂസ് കടലിടുക്കിലെ യു.എസ് നീക്കം അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി

ഇറാൻ

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി '90 ശതമാനവും ഇല്ലാതായി' (90% gone) എന്ന് അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസും ഇറാനും തമ്മിൽ സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ ഈ നിർണായക പരാമർശം.

​ഇറാൻ സൈന്യത്തിന്റെ പ്രത്യാക്രമണ ശേഷി പൂർണ്ണമായും തകർത്തുവെന്നും അവരുടെ വ്യോമസേനയും നാവികസേനയും ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു. മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മൊജ്താബ ഖമേനിയും ഇനി തിരിച്ചുവരവില്ലാത്ത വിധം തകർന്നതായാണ് ട്രംപ് വ്യക്തമാക്കിയത്.

​ഷിപ്പിംഗ് ഫീസും ഇറാന്റെ തിരിച്ചടിയും

​ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 20 ശതമാനം തുക യു.എസ് 'ഷിപ്പിംഗ് ഫീസായി' ഈടാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ ശക്തമായി എതിർത്തു. ഹോർമൂസ് കടലിടുക്കിന്റെ യഥാർത്ഥ കാവൽക്കാർ ഇറാനാണെന്നും, മേഖലയിൽ യു.എസിന്റെ ഇടപെടൽ അനുവദിക്കില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 20 ശതമാനം തുക എന്നത് വളരെ കൂടുതലാണെന്നും നികുതി പിരിക്കാൻ യു.എസിന് അവകാശമില്ലെന്നും ഇറാൻ തിരിച്ചടിച്ചു.

​മേഖലയിൽ ഉപരോധം ശക്തമാക്കാനും കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും യു.എസ് ശ്രമിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്. 

Share this story