യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
ടെഹ്റാൻ: പേർഷ്യൻ ഉൾക്കടലിന് മുകളിൽ വെച്ച് അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് യു.എസിന്റെ MQ-9 റീപ്പർ ഡ്രോൺ തകർത്തതെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ലംഘിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്കയ്ക്ക് ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകി.
ഇറാൻ വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ച മറ്റൊരു യു.എസ് ഡ്രോണായ RQ-4 നും എഫ്-35 എയർക്രാഫ്റ്റിനും നേരെയും തങ്ങൾ വെടിയുതിർത്തതായും അവ പിൻവാങ്ങാൻ നിർബന്ധിതരായെന്നും IRGC പ്രസ്താവനയിലൂടെ അറിയിച്ചു. അധിനിവേശ ശക്തിയായ യു.എസ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഏത് തരത്തിലുള്ള വെടിനിർത്തൽ ലംഘനങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
