ഇറാൻ വെടിവെച്ചിട്ടത് 24 റീപ്പർ ഡ്രോണുകൾ; നഷ്ടം ശതകോടികൾ: ചെലവിൽ ആശങ്കപ്പെട്ട് യുഎസ്

MQ 9

വാഷിംഗ്ടൺ: അത്യാധുനികവും ചെലവേറിയതുമായ ആയുധങ്ങളിൽ നിന്ന് മാറി, യുദ്ധമുഖത്ത് നഷ്ടപ്പെട്ടാലും സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാക്കാത്ത 'മാസ്സ് പ്രൊഡക്ഷൻ' ആയുധങ്ങളിലേക്ക് അമേരിക്കൻ പ്രതിരോധ വകുപ്പ് തന്ത്രപരമായ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ടുകൾ.

ഇറാൻ യുദ്ധത്തിൽ ഉണ്ടായ കനത്ത നഷ്ടങ്ങളെത്തുടർന്നാണ് മനംമാറ്റമെന്നാണ് റിപ്പോർട്ടുകൾ. യുക്രൈനിലും ഇറാനിലും നടന്ന യുദ്ധങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ അനുസരിച്ച്, ദീർഘകാലം നീണ്ടുനിൽക്കുന്ന തീവ്രമായ പോരാട്ടങ്ങളിൽ വിജയിക്കാൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതും ചെലവ് കുറഞ്ഞതുമായ ആയുധങ്ങളാണ് ആവശ്യമെന്ന് അമേരിക്ക തിരിച്ചറിയുന്നുവെന്നാണ് നിലവിലെ സൂചനകൾ. റഷ്യയെയും ചൈനയെയും പോലുള്ള തുല്യശക്തികളായ ശത്രുക്കളെ നേരിടാൻ ആയുധങ്ങളുടെ ഗുണമേന്മയേക്കാൾ അവയുടെ എണ്ണത്തിന് മുൻഗണന നൽകുന്ന ഒരു പുതിയ യുദ്ധതന്ത്രത്തിലേക്കാണ് അമേരിക്ക ഇപ്പോൾ നീങ്ങുന്നത്

"അളവിനും അതിന്റേതായ ഗുണമേന്മയുണ്ട്' (Quantity has a quality of its own) എന്ന ജോസഫ് സ്റ്റാലിന്റെ പ്രസിദ്ധമായ വാക്കുകളെ ഓർമ്മിപ്പിക്കും വിധമാണ് പെന്റഗണിന്റെ പുതിയ നീക്കം. ഇറാനുമായി നടന്ന യുദ്ധത്തിൽ ഉണ്ടായ സാമ്പത്തിക ചെലവുകളാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിൽ. വെറും 20,000 മുതൽ 35,000 ഡോളർ വരെ മാത്രം നിർമ്മാണ ചിലവുള്ള ഇറാന്റെ ഷാഹെദ് ഡ്രോണുകളെ നേരിടാൻ അമേരിക്ക ഉപയോഗിക്കുന്നത് ഓരോന്നിനും 40ലക്ഷം ഡോളർ (ഏകദേശം 33 കോടി രൂപ) വിലയുള്ള പേട്രിയറ്റ് മിസൈലുകളാണ്. ഇതിന് പുറമെ ഇറാനിൽ ആക്രമണം നടത്താനായി ഉപയോഗിച്ച യുഎസ് വ്യോമസേനയുടെ അഭിമാനമായിരുന്ന എം.ക്യു-9 റീപ്പർ (MQ-9 Reaper) ഡ്രോണുകൾ ഇറാൻ വ്യാപകമായി വെടിവെച്ചിട്ടതും യുഎസിന് തിരിച്ചടിയായി. ഒരു യൂണിറ്റിന് 3.5 കോടി ഡോളറിലധികം (ഏകദേശം 290 കോടി രൂപ) വിലയുള്ള റീപ്പർ ഡ്രോണുകൾക്ക് ഇറാൻ യുദ്ധത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം 24 റീപ്പർ ഡ്രോണുകൾ ഇറാൻ വെടിവെച്ചിട്ടു. ഇതിലൂടെ മാത്രം അമേരിക്കയ്ക്ക് 800 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇറാന് പുറമെ യെമനിലെ ഹൂതികളും ഇത്തരം ഏഴ് ഡ്രോണുകൾ തകർത്തിരുന്നു.

ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ ചെലവേറിയ മിസൈലുകൾ ഉപയോഗിക്കുന്നതിലെ യുക്തിയില്ലായ്മയാണ് പെന്റഗണിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. ചെലവേറിയ മിസൈലുകൾ വേഗത്തിൽ തീർന്നുപോകുന്നത് അമേരിക്കയുടെ പ്രതിരോധത്തെയാണ് ദുർബലമാക്കുന്നത്. ഈ സാഹചര്യം മറികടക്കാൻ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000-ത്തിലധികം കുറഞ്ഞ ചിലവിലുള്ള ക്രൂയിസ് മിസൈലുകളും സമാനമായ എണ്ണം 'ബ്ലാക്ക്ബിയർഡ്' ഹൈപ്പർസോണിക് മിസൈലുകളും നിർമ്മിക്കാൻ പെന്റഗൺ പദ്ധതിയിടുന്നുണ്ട്.

റീപ്പർ ഡ്രോണുകൾക്ക് പകരമായി, കൂടുതൽ ഫ്‌ലെക്‌സിബിളായതും ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്നതുമായ ഡ്രോണുകൾ വികസിപ്പിക്കാനാണ് യുഎസ് വ്യോമസേന രാജ്യത്തെ പ്രതിരോധ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധമുഖത്ത് ഈ ഡ്രോണുകൾ നഷ്ടപ്പെട്ടാലും അത് സേനയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കും ഇവയുടെ നിർമ്മാണം. ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് തുടങ്ങിയ പരമ്പരാഗത വമ്പൻ കമ്പനികൾക്ക് പകരം ചെറുകിട നവീന കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം. ഇത് പ്രതിരോധ മേഖലയിൽ കൂടുതൽ മത്സരം ഉണ്ടാക്കാനും ആയുധങ്ങളുടെ വില കുറയ്ക്കാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2027 മുതൽ ഈ ആയുധങ്ങൾ സൈന്യത്തിന്റെ ഭാഗമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡുറിൽ (Anduril), ലെയ്ഡോസ് (Leidos) തുടങ്ങിയ പുത്തൻ സാങ്കേതിക കമ്പനികളുമായാണ് ഇതിനായി കരാർ ഒപ്പിട്ടിരിക്കുന്നത്.

Tags

Share this story