​യു.എസ് ആക്രമണത്തിന് തിരിച്ചടി: കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം

iran

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ കടുത്ത തിരിച്ചടിയുമായി ഇറാൻ. കുവൈറ്റിലെയും ബഹ്‌റൈനിലെയും പ്രധാന യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു.

​യു.എസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്റൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ എയർ ബേസ് എന്നിവടങ്ങളിലും, കുവൈറ്റിലെ ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവടങ്ങളിലുമാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും പതിച്ചത്. ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ മിസൈലുകളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈനിക വക്താക്കൾ അറിയിച്ചു.

​ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് യു.എസ് സെൻട്രൽ കമാൻഡ് (CENTOM) ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, കൂടാതെ വിപ്ലവ ഗാർഡിന്റെ അറുപതിലധികം ചെറിയ ബോട്ടുകൾ എന്നിവ യു.എസ് ആക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പുറമെ അന്താരാഷ്ട്ര വിപണിയിൽ ഇറാൻ പരസ്യമായി എണ്ണ വിൽക്കുന്നതിനുള്ള താൽക്കാലിക അനുമതിയും അമേരിക്ക റദ്ദാക്കിയിരുന്നു.

​അമേരിക്കൻ സൈന്യത്തിന്റെ നടപടി താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് കടുത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത സമിതി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

Share this story