ഇറാൻ അയൽക്കാർക്ക് കീഴടങ്ങി; പശ്ചിമേഷ്യൻ രാജ്യങ്ങൾ നന്ദി പറഞ്ഞു, ഞാൻ അവരെ സ്വാഗതം ചെയ്തു: ഡോണൾഡ് ട്രംപ്

Trump

വാഷിംങ്ടൺ: ഇറാനെതിരെ ആക്രമണ ഭീഷണി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ അതിശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ പൂർണ നാശമാണ് ലക്ഷ്യമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ അയൽ രാജ്യങ്ങളോട് 'കീഴടങ്ങി' എന്നും ട്രംപ് പരിഹസിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തില്ലെന്നും ഇതുവരെ നടത്തിയ ആക്രമണങ്ങൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലൂടെ നരകത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാൻ, പശ്ചിമേഷ്യൻ രാജ്യങ്ങളോട് മാപ്പ് പറയുകയും കീഴടങ്ങുകയും ചെയ്തു. ഇനിയൊരിക്കലും അവരെ ആക്രമിക്കില്ലെന്ന ഉറപ്പും നൽകി. അമേരിക്കയും ഇസ്രയേലും ഇറാനുമേൽ നടത്തിയ നിരന്തര ആക്രമണത്തിന്റെ ഫലമാണ് അവരുടെ കീഴടങ്ങൽ. അവർ പശ്ചിമേഷ്യ പിടിച്ചെടുക്കാനും ഭരിക്കാനും നോക്കുകയായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം, ഇറാൻ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് തോൽക്കുന്നത് ഇതാദ്യമാണ്. പശ്ചിമേഷ്യൻ രാജ്യങ്ങൾ തന്നോട് നന്ദി പറഞ്ഞു. താൻ അവരെ സ്വാഗതം ചെയ്തു. ഇറാൻ ഇനി പശ്ചിമേഷ്യയുടെ ഭീഷണിയല്ല, പരാജിതരാണ്. അവർ കീഴടങ്ങുന്നതുവരെയോ അല്ലെങ്കിൽ പൂർണ്ണമായും തകരുന്നതുവരെയോ പതിറ്റാണ്ടുകളോളം അങ്ങനെ തന്നെ തുടരും. ഇറാന്റെ മോശം പെരുമാറ്റമാണ് അവരുടെ നാശത്തിലേക്ക് വഴിവെക്കുന്ന ആക്രമണം നടത്താനുള്ള കാരണമെന്നും ട്രംപ് കുറിച്ചു.

തങ്ങൾക്ക് ഒരു രാജ്യത്തേക്കും കടന്നുകയറാൻ പദ്ധതിയില്ലായിരുന്നു എന്നും ഗൾഫ് മേഖലയിൽ സംഘർഷം മൂർച്ഛിക്കാതിരിക്കാനാണ് ഇത്തരത്തിൽ തീരുമാനം എടുക്കുന്നതെന്നും പെസഷ്‌കിയാൻ പറഞ്ഞിരുന്നു. ഇനിമുതൽ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളെ മാത്രമേ തിരിച്ച് അക്രമിക്കുകയുള്ളൂവെന്നും ഇസ്രയേലിനും യുഎസിനുമെതിരെയുള്ള ആക്രമണം ഉടൻ നിർത്തില്ലെന്നും പെസഷ്‌കിയാൻ വ്യക്തമാക്കിയിരുന്നു.

Tags

Share this story