യൂഎസ് ആക്രമണത്തിന് തിരിച്ചടി: കുവൈറ്റിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം

ഇറാൻ

ടെഹ്‌റാൻ: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക പുതിയ രീതിയിലുള്ള ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാൻ. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സഖ്യരാജ്യങ്ങളായ കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

​ഇറാൻ സൈന്യവും (Army) ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) സംയുക്തമായാണ് ഈ പ്രത്യാക്രമണം നടത്തിയത്. ജോർദാനിലെ തന്ത്രപ്രധാനമായ അൽ-അസ്രഖ് (Al-Azraq) വ്യോമതാവളത്തിലെ യുഎസ് റഡാർ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും ഇന്ധന സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആത്മഹത്യാ ഡ്രോൺ (Kamikaze Drones) ആക്രമണം. ഇതേസമയം കുവൈറ്റിലെ അലി അൽ സലേം (Ali Al Salem) യുഎസ് സൈനിക താവളത്തിന് നേരെയും മിന അബ്ദുള്ളയിലെ ലോജിസ്റ്റിക്സ് സെന്ററിന് നേരെയും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ക്രൂയിസ് മിസൈലുകൾ വർഷിച്ചു.

​തങ്ങളുടെ രാജ്യത്തിന് നേരെ അമേരിക്ക നടത്തുന്ന അധിനിവേശത്തിന് തക്കതായ മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജോർദാനും കുവൈറ്റും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തർക്കങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട താൽക്കാലിക വെടിനിർത്തൽ കരാർ ഇതോടെ പൂർണ്ണമായും തകരുകയും മേഖല വൻ യുദ്ധഭീതിയിലാവുകയും ചെയ്തിരിക്കുകയാണ്. 

Tags

Share this story