ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ഭീഷണി; യു എൻ രക്ഷാസമിതിയിൽ വൻശക്തി രാജ്യങ്ങൾ തമ്മിൽ പോര്

iran

ടെഹ്‌റാൻ/ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുക്കുന്നു. ടെഹ്‌റാനിലെ തന്ത്രപ്രധാനമായ പാലം തകർത്തതിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, യുഎഇയിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങൾ എന്നിവയുൾപ്പെടെയുള്ളവയാണ് ഇറാന്റെ ലക്ഷ്യപ്പട്ടികയിലുള്ളത്. ജോർദാനിലെ കിംഗ് ഹുസൈൻ പാലം അടക്കമുള്ള നിർമിതികൾക്കും ഭീഷണിയുണ്ട്.

പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കറാജിലെ ബി-1 പാലം കഴിഞ്ഞ ദിവസം ഇസ്രയേൽ തകർത്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്ന് പുലർച്ചെ ബഹ്റൈനിലും കുവൈറ്റിലും ആക്രമണശ്രമങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

വിഷയം ചർച്ച ചെയ്യാൻ ചേർന്ന യു എൻ രക്ഷാസമിതിയിൽ വൻശക്തി രാജ്യങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്. അമേരിക്കയും ഇസ്രയേലും ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളാണ് മേഖലയിൽ അസ്ഥിരാവസ്ഥ സൃഷ്ടിച്ചതെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഇത് ആഗോള യുദ്ധത്തിലേക്ക് വ്യാപിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തുന്നതെന്ന് ചൈനീസ് അംബാസഡർ ഫു കോങ് വ്യക്തമാക്കി. എന്നാൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കത്തെ ചൈന അപലപിച്ചു. അതേസമയം, ലോക സമ്പദ്‌വ്യവസ്ഥയെ ബന്ദികളാക്കാൻ ഇറാന് അവകാശമില്ലെന്ന് അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്‌സ് തിരിച്ചടിച്ചു. ഇറാന്റെ നടപടികളെ നിശിതമായി വിമർശിച്ച അമേരിക്ക, മേഖലയിലെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ഏതു നിമിഷവും യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാമെന്ന ആശങ്കയിലാണ് ലോകം.

Tags

Share this story