ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ഇറാൻ നീക്കം; ദേശീയ സുരക്ഷാ കമ്മീഷൻ പ്രമേയം പാസാക്കി
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നിയമനിർമ്മാണത്തിന് ഇറാൻ തുടക്കമിട്ടു. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ ഇതിനായുള്ള ബില്ലിലെ നിർണായക പ്രമേയം അംഗീകരിച്ചു.
ഇറാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ കപ്പലുകളിൽ നിന്നായിരിക്കും ഫീസ് ഈടാക്കുക. നാവിഗേഷൻ, പരിസ്ഥിതി സംരക്ഷണം, ഇന്ധനം നിറയ്ക്കൽ, ഇൻഷുറൻസ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കാണ് നിരക്ക് നിശ്ചയിക്കുന്നത്. തുക ഇറാനിയൻ റിയാലിലോ മറ്റ് നിശ്ചിത കറൻസികളിലോ അടയ്ക്കാവുന്നതാണെന്ന് കമ്മീഷൻ വക്താവ് ഹസൻ ഖഷ്ഖാവി അറിയിച്ചു. പ്രമേയം പാർലമെന്റും രക്ഷാധികാരി സമിതിയും അംഗീകരിക്കുന്നതോടെ ഇത് പൂർണ്ണ നിയമമായി മാറും.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു എന്നാണ് വിവരം. പാകിസ്ഥാന്‍ സൈനിക മേധാവി ഇറാനിലേക്ക് എത്തുമെന്നാണ് സൂചന. അസിം മുനീര്‍ ഇറാന്‍ നേതൃത്വവുമായി സംഘര്‍ഷത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തും എന്നാണ് വിവരം. ഫെബ്രുവരിയില്‍ യുഎസും ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ തന്നെ മധ്യസ്ഥ രാജ്യമായി പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിച്ചേക്കാവുന്ന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കുകയും, അതുവഴി സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം നടക്കുന്നത്.
