ഹോർമുസ് കടലിടുക്കിൽ യുഎസ് സംരക്ഷണയിലുള്ള എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; യുദ്ധം ചർച്ച ചെയ്യാൻ ക്യാബിനറ്റ് യോഗം വിളിച്ച് ട്രംപ്

ഹോർമൂസ്

വാഷിംഗ്ടൺ / ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക വ്യോമ സംരക്ഷണയിൽ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ വിപ്ലവ ഗാർഡ് (IRGC) ആക്രമണം നടത്തി. സുപ്രധാന കടൽപ്പാത വഴി സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി നിർത്തിച്ചതായും, മറ്റ് നാല് കപ്പലുകൾ പാത മാറ്റി തിരികെ പോയതായും ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

​യുഎസ് ഏർപ്പെടുത്തിയ ഉപരോധവും സുരക്ഷാ നിർദ്ദേശങ്ങളും മറികടന്ന് "പ്രഖ്യാപിക്കപ്പെടാത്ത പാതയിലൂടെ" നീങ്ങിയതിനാലാണ് കപ്പലുകളെ ആക്രമിച്ചതെന്നാണ് ഇറാന്റെ വാദം. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുകയും മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്തിട്ടുണ്ട്.

ക്യാമ്പ് ഡേവിഡിൽ അടിയന്തര യോഗം വിളിച്ച് ട്രംപ്

​സംഘർഷം കടുക്കുന്നതിനിടയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൻ്റെ ക്യാബിനറ്റ് അംഗങ്ങളുടെ അടിയന്തര യോഗം ക്യാമ്പ് ഡേവിഡിൽ വിളിച്ച് ചേർത്തു. അഞ്ച് മാസമായി തുടരുന്ന യുദ്ധ സാഹചര്യം, ഇന്ധനവിലക്കയറ്റം, വരുന്ന മിഡ്-ടേം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ തിരിച്ചടികൾ എന്നിവ യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.

​ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യുഎസ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയത് യുഎസ് ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

Share this story