റെഡ് സീയിലേക്കും കാസ്പിയനിലേക്കും പടർന്ന് ഇറാന്റെ പോരാട്ടം; വ്യോമാക്രമണം താത്കാലികമായി നിർത്തിവെച്ച് യു.എസ്, പേർഷ്യൻ ഗൾഫിൽ ശാന്തത
വാഷിംഗ്ടൺ/ടെഹ്റാൻ: യു.എസ് സൈന്യം ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങിയെങ്കിലും, ഇറാൻ സംഘർഷം ചെങ്കടലിലേക്കും (Red Sea) കാസ്പിയൻ കടലിലേക്കും വ്യാപിക്കുന്നു. യെമനിലെ ഹൂതി വിഭാഗം ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യൻ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചു. അതേസമയം കാസ്പിയൻ കടലിൽ തങ്ങളുടെ വാണിജ്യ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി ഇറാൻ ആരോപിച്ചു.
തുടർച്ചയായ 13 ദിവസത്തെ ശക്തമായ വ്യോമാക്രമണങ്ങൾക്ക് ശേഷം യു.എസ് സൈന്യം താൽക്കാലികമായി ആക്രമണങ്ങൾ നിർത്തിവെച്ചതിനെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിൽ നിലവിൽ ശാന്തത പുലരുന്നുണ്ട്. എന്നാൽ ഇറാന് മേലുള്ള നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നതും, ആയുധശേഖരത്തിലെ കുറവും, ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന ആഘാതവും കണക്കിലെടുത്താണ് യു.എസ് താത്കാലികമായി ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
