ഖമേനിക്ക് അന്ത്യപ്രണാമമർപ്പിച്ച് ഇറാൻ നേതാക്കളും വിദേശ പ്രതിനിധികളും; വിലാപയാത്ര ഇന്ന്: ഇറാനിൽ കനത്ത സുരക്ഷ

iran

ടെഹ്‌റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരത്തിൽ ഇറാൻ ഭരണാധികാരികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളും അന്ത്യോപചാരമർപ്പിച്ചു. മാസങ്ങൾക്ക് മുൻപ് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തലസ്ഥാനമായ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പള്ളിയിൽ പൊതുദർശനത്തിന് വെച്ചത്. തിങ്കളാഴ്ച (ജൂലൈ 6) ടെഹ്‌റാനിൽ നടക്കുന്ന വൻ വിലാപയാത്രയ്ക്ക് മുന്നോടിയായാണ് ഔദ്യോഗിക ആദരവർപ്പിക്കൽ ചടങ്ങുകൾ നടന്നത്.

​ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരടങ്ങുന്ന ഉന്നത ഇറാൻ നേതൃത്വം ചടങ്ങുകളിൽ പങ്കെടുത്തു. ചൈന, റഷ്യ, തുർക്കി, ഒമാൻ തുടങ്ങി നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങളും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇറാഖ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദ്, അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ ഉൾപ്പെടെയുള്ള ഭരണത്തലവന്മാരും ടെഹ്‌റാനിലെത്തി ഖമേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരിറ്റ, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും ആദരവർപ്പിക്കാനെത്തിയിരുന്നു.

​ചടങ്ങുകളോടനുബന്ധിച്ച് ടെഹ്‌റാൻ നഗരത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ആറ് ദിവസം നീളുന്ന വിലാപ ചടങ്ങുകൾക്ക് ശേഷം, ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ ഭൗതികശരീരം ഖബറടക്കും. 

Tags

Share this story