ജോർദാനിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി
വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികനെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
വെള്ളിയാഴ്ച ജോർദാനിലെ മുവാഫഖ് സാൽറ്റി എയർ ബേസിനെ (Muwaffaq Salti Air Base) ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സൈനിക നഷ്ടമാണിത്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ യുഎസ് സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം, തങ്ങളുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ റവല്യൂഷനറി ഗാർഡിന്റെ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും ഇറാന്റെ ഭീഷണികളെ ചെറുക്കാനും തങ്ങളുടെ സൈന്യം തിരിച്ചടി തുടരുമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ സംഘർഷം കൂടുതൽ ശക്തമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
